
തിരൂർ: മലപ്പുറം തിരൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. കൂട്ടായി കടപ്പുറത്തെ ചേലക്കൽ യാസർ അറഫാത്താണ് മരിച്ചത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിൽ ചേരി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിലാണ് യാസർ അറഫാത്ത് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് യാസർ അറഫാത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യാസർ അറഫാത്തും സുഹൃത്തുക്കളും വീടിനു സമീപത്തെ എൽപി സ്കൂള്‍ മൈതാനത്ത് രാത്രി വൈകിയും കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്.
തൊട്ടടുത്ത വീട്ടിലെ പുരക്കല്‍ അബൂബക്കര്‍ എന്നയാളും മക്കളും ഇതിനെതിരെ നിരവധി തവണ ഇവര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും ഇതു സംബന്ധിച്ച് അബൂബക്കറിന്‍റെ മക്കളും, യാസര്‍ അറഫാത്തും സുഹൃത്തുക്കളുമായും വാക്ക് തര്‍ക്കമുണ്ടായി. ആ സമയം അവിടെ നിന്ന് മടങ്ങിപ്പോയ യാസര്‍ അറഫാത്തും സുഹൃത്തുക്കളും പിന്നീട് സംഘടിച്ചെത്തി വെല്ലുവിളി നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ഇരു വിഭാഗങ്ങളും നേര്‍ക്കു നേര്‍ ആയുധങ്ങളുമായി ഏറ്റുമുട്ടി.
യാസര്‍ അറഫാത്തിനും മറുചേരിയിലെ അബൂക്കറിന്‍റെ മക്കളായ ഷമീം, സഹോദരൻ സജീഫ് എന്നിവര്‍ക്കും മാരകമായി വെട്ടേറ്റു. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷമീം, സജീഫ് എന്നിവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
യാസര്‍ അറഫാത്തിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് വൻപൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam