സമയത്തെ ചൊല്ലി തര്‍ക്കം, വെല്ലുവിളി; കണ്ണൂരില്‍ കണ്ടക്ടര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി, ബസ് കൂട്ടിയിടിച്ചു

By Web TeamFirst Published Nov 7, 2021, 9:27 AM IST
Highlights

മാനന്തവാടി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും തമ്മിലാണ് വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായത്. 

കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസുകളുടെ(Private bus) മത്സര ഓട്ടവും ബസ് ജീവനക്കാര്‍(Bus operators) തമ്മിലുള്ള തര്‍ക്കവും വാക്കേറ്റവുമെല്ലാം പതിവ് വാര്‍ത്തകളാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍(payyanur) സമയക്രമത്തെ ചൊല്ലി രണ്ട് ബസിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. പയ്യന്നൂര്‍ പഴയ ബസ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. വാക്കേറ്റത്തിനും കയ്യാങ്കളിക്കുമൊടുവില്‍ ഒരു ബസ് പിന്നോട്ടെടുത്തപ്പോള്‍ പുറകിലുണ്ടായിരുന്ന ബസിലിടിച്ച് മുന്‍ഭാഗം തകര്‍ന്നു. 

കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. മാനന്തവാടി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരും തമ്മിലാണ് വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായത്. കഴിഞ്ഞ ദിവസം ഇരുകൂട്ടരും നടത്തിയ വെല്ലുവിളിയുടെ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്നതെന്ന് പൊലീസ് പറഞ്ഞു. സമയ ക്രമത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ ഒരു ബസിലെ ജീവനക്കാരന്‍ മറ്റൊരു ബസിലെ ജീവനക്കാരനെ  അടിച്ചു. ഇതോടെ ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറി.

മറ്റ് ബസിലെ ജീവനക്കാര്‍ പ്രശ്നം പരിക്കാന്‍ ശ്രമിക്കവെ കോഴിക്കോട് ബസിലെ കണ്ടക്ടര്‍ ബസ് പിന്നോട്ടെടുത്ത് മാനന്തവാടി റൂട്ടലോടുന്ന ബസിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് ഇടിച്ച് തകര്‍ത്തു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം അപകടം വരുത്തിയ കണ്ടക്ടറെ ബസ്റ്റാന്‍ഡിലുണ്ടായിരുന്ന യാത്രക്കാരും മറ്റും ചേര്‍ന്ന് കയ്യേറ്റം ചെയ്തു. അപകടത്തില്‍ പരിക്കേറ്റ രണ്ട് ബസ് ജീവനക്കാരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിന്‍റെയും പരാതിയില്‍ കേസെടുത്തതായി പയ്യന്നൂര്‍ പൊലീസ് അറിയിച്ചു. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

click me!