
തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരന്റെ തലയിൽ കല്ലിനടിച്ച് പരുക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ. വെഞ്ഞാറമ്മൂട് തൈക്കാട് ഗവ.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് അതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വളഞ്ഞിട്ട് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ പരിസരത്തെ റോഡിൽ വച്ചായിരുന്നു ആക്രമണം. ഒൻപതാം ക്ലാസ് വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞ് മടങ്ങവേ, സ്കൂട്ടറിൽ എത്തിയ പത്താം ക്ലാസ് വിദ്യാർഥികളാണ് ആക്രമിച്ചത്. ആക്രമണം നടന്ന ദിവസം പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷയില്ലായിരുന്നു. എന്നിട്ടും വൈകിട്ട് മൂന്ന് വിദ്യാർഥികൾ സ്കൂട്ടറിലെ നമ്പർ ഉൾപ്പടെ മറച്ച് വച്ച് സ്കൂൾ പരിസരത്തെത്തുകയായിരുന്നു.
ഇതിനിടെ വഴിയിൽ നിന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ കൈയിൽ മനപ്പൂർവം തട്ടുകയും,തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ചെയ്തു.തുടർന്നാണ് മൂന്ന് പത്താംക്ലാസ് വിദ്യാർഥികൾ ചേർന്ന്, ഒൻപതാം ക്ലാസുകാരന്റെ തലയ്ക്ക് കല്ലുകൊണ്ടിടിച്ചത്. ഇത് കണ്ട് ഓടിക്കൂടിയ മറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥികളുമായി സംഘർഷമുണ്ടായി. അടിക്കടാ എന്ന് ആക്രോശിച്ച് വിദ്യാർഥികൾ ഓടിയടുക്കുന്നതും തമ്മിലടിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. സംഘർഷത്തിൽ മറ്റൊരു 9-ാം ക്ലാസുകാരനും പരിക്കേറ്റു.
തടിച്ചുകൂടിയ നാട്ടുകാർ വാഹനം തടഞ്ഞ് വയ്ക്കുകയും, വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ഇരുക്കൂട്ടരും പിരിഞ്ഞുപോയത്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെയും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ തർക്കം തീർക്കാൻ ഇടപെട്ടിരുന്നെന്നും കേസ് എടുത്തിട്ടില്ലന്നും വെഞ്ഞാറമ്മൂട് പൊലീസ് പറഞ്ഞു. സംഭവത്തിൽ തർക്കം തീർക്കാൻ ഇടപെട്ടിരുന്നെന്നും വിദ്യാർഥികളായതിനാൽ കോടതിയിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും വെഞ്ഞാറമ്മൂട് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam