മണല്‍ക്കടത്ത് കണ്ടെത്തി; കബനിയിലെ പ്രളയമാലിന്യം നീക്കല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Jun 30, 2020, 12:29 PM IST
Highlights

മണല്‍ക്കൊള്ള തടയണമെന്ന ആവശ്യവുമായി പ്രകൃതി സംരക്ഷണ സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
 

കല്‍പ്പറ്റ: പനമരം പഞ്ചായത്ത് പ്രദേശത്തെ കബനിപുഴയിലെ പ്രളയമാലിന്യം നീക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. പുഴയിലെ ചെളിയും മറ്റും നീക്കാനുള്ള ഉത്തരവിന്റെ മറവില്‍ മണല്‍ക്കൊള്ള നടക്കുന്നുവെന്ന നാട്ടുകാരുടെയും പ്രകൃതി സംരക്ഷണ സമിതിയുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. 

മണല്‍ക്കൊള്ള തടയണമെന്ന ആവശ്യവുമായി പ്രകൃതി സംരക്ഷണ സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദുരന്ത നിവാരണ വിദഗ്ധസമിതിയാണ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മണല്‍ക്കൊള്ള നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചു. 

പരാതികള്‍ ഏറെയുണ്ടായ സീസണ്‍ കടവിലാണ് സംഘം പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ നിയമലംഘനം നടന്നതായും അശാസ്ത്രീയമായി പ്രവൃത്തി നടക്കുന്നതായും ബോധ്യപ്പെട്ടുവെന്ന് സംഘം പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി ജില്ല കലക്ടര്‍ക്ക് നല്‍കും. പ്രളയമാലിന്യം നീക്കുന്നുവെന്ന വ്യാജേന വയനാട് ജില്ലക്ക് പുറത്തേക്ക് വരെ  മണല്‍ കടത്തിയിരുന്നു. 

പനമരം പഞ്ചായത്തിന്റെ ഒത്താശയോടെയായിരുന്നു മണല്‍ക്കടത്ത് എന്നാണ് ആരോപണം. ജൂണ്‍ ഒന്നുമുതല്‍ 15 വരെയായിരുന്നു പ്രളയാവശിഷ്ടങ്ങള്‍ നീക്കുന്നതിനുള്ള കാലാവധി. എന്നാല്‍, ഭരണസമിതി പുനര്‍ലേലമില്ലാതെ 30വരെ കാലാവധി നീട്ടിനല്‍കിയതായി വയനാട് പ്രകൃതിസംരക്ഷണസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു. 

പുഴയുടെ വശങ്ങളിലെ മണ്ണ് നീക്കംചെയ്യരുതെന്ന നിബന്ധനപോലും ലംഘിച്ചായിരുന്നു മണല്‍ക്കടത്ത്. ഇത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രകൃതി സംരക്ഷണസമിതി, ശാസ്ത്ര സാഹിത്യപരിഷത്ത് എന്നീ സംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.

click me!