
താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെയും വർഷങ്ങളായി ഗുരുതരമായ മലിനീകരണ പ്രശ്നം സൃഷ്ടിച്ചിരുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം. 'വെറുമൊരു കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല, ജനങ്ങളുടെ പ്രയാസം മനസ്സിലാക്കിയത് കൊണ്ടാണ് ഇത്തരമൊരു സുപ്രധാന തീരമാനം സർക്കാർ എടുത്തതെന്ന് പി കെ ഫിറോസ് എംഎൽഎ അറിയിച്ചു.
ജനങ്ങളുടെ വർഷങ്ങളായുള്ള ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിലുണ്ടായ ഇടപെടലുകളുടെയും തുടർച്ചയായാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്ന് പി.കെ. ഫിറോസ് എംഎൽഎ പറഞ്ഞു. നിയമസഭയിലെ തന്‍റെ പ്രഥമ സബ്മിഷനിലൂടെ കരിമ്പാലംകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പരിസ്ഥിതി - ആരോഗ്യ പ്രശ്നങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും എംഎൽഎ വ്യക്തമാക്കി.
അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ പ്ലാന്‍റിനുള്ളിൽ വെള്ളം കയറുകയും അവിടെ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പ്രദേശങ്ങളിലേക്കും പുഴയിലേക്കും ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടായി. ഇതേത്തുടർന്ന് പ്ലാന്‍റ് നേരിട്ട് സന്ദർശിച്ച എംഎൽഎ ജില്ലാ കളക്ടറോട് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പ്ലാന്‍റ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനമെന്നും പികെ ഫിറോസ് എംഎൽഎ കൂട്ടിച്ചേർത്തു.
കൊടുവള്ളി നിയോജക മണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെയും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെയും നൂറുകണക്കിന് കുടുംബങ്ങളാണ് പ്ലാന്‍റിൽ നിന്നുള്ള ദുർഗന്ധവും മലിനീകരണവും കാരണം വർഷങ്ങളായി ദുരിതമനുഭവിച്ചിരുന്നത്. മാലിന്യവും ദുർഗന്ധവും പ്രദേശവാസികളുടെ ദൈനംദിന ജീവിതം ദുസഹമാക്കിയതിനൊപ്പം ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്‍റ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തിൽ പ്രദേശവാസികൾ ഏറെ ആശ്വസത്തിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam