
ആര്യനാട്: വീട്ടിൽ കിടക്കുന്ന പേപ്പറുകളും തുണികളും തനിയെ കത്തുന്നു. തിരുവനന്തപുരത്ത് പേടികൊണ്ട് വീട്ടിൽ നിന്ന് മാറി താമസിക്കേണ്ട അവസ്ഥയിലെത്തി ഒരു കുടുംബം. സംഭവം തുടങ്ങിയിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിടുകയാണ്. വീട്ടുകാര്‍ സംഭവത്തേക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പരിശോധന നടത്തിയിട്ടും എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് പൊലീസിനും മറുപടിയില്ല. പരിശോധന നടത്തിയ കെ എസ് ഇ ബി ഉദ്യോഗസ്ഥരും പറയുന്നത് കാരണമറിയില്ലെന്നാണ്.
ആര്യനാട് ഇറവൂർ കോട്ടക്കകത്തുള്ള സജീഭവനിൽ സത്യന്റെ വീട്ടിലാണ് രാത്രിയും പകലുമില്ലാതെ പേടിപ്പെടുത്തുന്ന സംഭവങ്ങളുണ്ടായത്. ഒക്ടോബർ 15ന് രാത്രി 9 മുതൽ ആണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങൾ കത്തുമെന്ന് വീട്ടുടമ സത്യൻ പറയുന്നത്. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ കുഴപ്പമില്ല. അടുത്ത ദിവസവും ഇത് തുടർന്നതോടെ വീട്ടുകാർ സംഭവം വാർഡ് മെമ്പർ അശോകനെ അറിയിച്ചു. അശോകൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്തും വസ്ത്രങ്ങൾ കത്തിയിരുന്നു.
ഇതിനിടെ ഷോർട്ട് സർക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രിഷ്യനെയും കണ്ടെന്ന് വീട്ടുകാർ പറയുന്നു. പരിശോധനയിൽ വയറിങ്ങിന് തകരാർ ഉള്ളതായി കണ്ടില്ല. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസുകാർ വന്ന് പരിശോധന നടത്തി. അവർക്കും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ പ്രാർത്ഥന നടക്കുന്നതിനിടയിലും ഇതേ സംഭവം ആവർത്തിച്ചിരുന്നു. സത്യനും ഭാര്യയും മകനും രണ്ട് ചെറുമക്കളുമാണ് വീട്ടിൽ താമസം.
1982 ലാണ് സത്യൻ ഈ വീട് പണിയുന്നത്. ഇത്രയും വർഷത്തിനിടക്ക് ഇങ്ങനൊരു സംഭവം ഇതാദ്യമായാണ് എന്നാണ് സത്യൻ പറയുന്നത്. ഹൃദയരോഗി കൂടിയായ ഭാര്യയെയും മകനെയും ചെറുമക്കളെയും കൂട്ടി ഭാര്യസഹോദരന്റെ വീട്ടിലാണ് സത്യൻ ഇപ്പോൾ താമസിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടുപിടിച്ച് പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സത്യനും കുടുംബവുമുള്ളത്.
വീഡിയോ സ്റ്റോറി കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam