കേരളീയം എല്ലാ വര്‍ഷവും നടത്തുമെന്ന് മുഖ്യമന്ത്രി; 'നാട് സ്വന്തമാക്കിയ നേട്ടങ്ങള്‍ ലോകം അറിയണം'

Published : Aug 14, 2023, 10:09 PM IST
കേരളീയം എല്ലാ വര്‍ഷവും നടത്തുമെന്ന് മുഖ്യമന്ത്രി; 'നാട് സ്വന്തമാക്കിയ നേട്ടങ്ങള്‍ ലോകം അറിയണം'

Synopsis

കേരളത്തിന്റെ നേട്ടങ്ങളെ ഇക്കഴ്ത്തി കാട്ടാനുള്ള ശ്രമം നടക്കുന്ന കാലമാണിത്. അതിനുള്ള മറുപടി യഥാര്‍ത്ഥ കേരളത്തെ ഉയര്‍ത്തിക്കാട്ടുക എന്നതാണെന്നും മുഖ്യമന്ത്രി. 

തിരുവനന്തപുരം: 'കേരളീയം' പരിപാടി എല്ലാ വര്‍ഷവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ ഒന്ന് മുതല്‍ ഏഴു വരെ നടത്തുന്ന കേരളീയം 2023 മഹത്തും ബൃഹത്തുമായ സാംസ്‌കാരിക ഉത്സവമായിരിക്കും. കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. എല്ലാ വര്‍ഷവും അതാത് വര്‍ഷത്തെ അടയാളപ്പെടുത്തുന്ന വിധം പരിപാടി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് കേരളീയം 2023 സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പറഞ്ഞു.

''ലോകത്തിലെ അത്യപൂര്‍വം ഭാഗങ്ങളിലുള്ള ദേശങ്ങള്‍ക്ക് മാത്രം സാധ്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ നാടാണ് കേരളം. ലോകം ഇത് അറിയേണ്ടതുണ്ട്. കേരളത്തെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ആ ചിന്തകളെ മുന്‍നിര്‍ത്തിയുള്ളതാണ് കേരളീയം 2023. കേരളീയത ഒരു വികാരമാവണം. ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം. ഭാരതത്തിനാകെ അഭിമാനം നല്‍കുന്ന കേരളീയത. അതെന്താണെന്ന് ലോകം അറിയണം. കേരളത്തിന്റെ നേട്ടങ്ങളെ ഇക്കഴ്ത്തി കാട്ടാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്നും അതിനുള്ള മറുപടി യഥാര്‍ത്ഥ കേരളത്തെ ഉയര്‍ത്തിക്കാട്ടുക എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

''പരിപാടിയില്‍ പങ്കെടുക്കാന്‍ നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ വരും. അവര്‍ തിരികെപ്പോയി കേരളത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യും. അത് നമുക്ക് പ്രയോജനപ്പെടും. ലോകം മാറുമ്പോള്‍ നാം മാറേണ്ടതില്ല എന്ന അടഞ്ഞ ചിന്ത പാടില്ല. ലോകത്തിന്റെ എല്ലാ കോണിലേക്കും പടര്‍ന്നുപന്തലിച്ച സമൂഹമായ മലയാളിക്ക് അല്ലാതെ വേറെ ആര്‍ക്കാണ് കേരളം എന്ന വികാരം ഇങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുക? നമ്മുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം പുതിയ ലോകത്തെക്കുറിച്ച് നമുക്ക് ഉണ്ടാകേണ്ട അറിവുകള്‍ ഏതൊക്കെയാണെന്നും അവ എങ്ങനെ ഇവിടെ നടപ്പാക്കണമെന്ന് കൂടി കേരളീയം 2023 അന്വേഷിക്കും. മലയാളി സമൂഹം ഭൂഖണ്ഡാന്തരങ്ങളിലേക്ക് വളര്‍ന്നു പന്തലിച്ചു. ലോക മലയാളി എന്ന സങ്കല്പം തന്നെയുണ്ടായി. മലയാളി എത്തിചേര്‍ന്ന നാടുകളിലൊക്കെ അവിടുത്തെ സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിച്ചു. ഇത് ആ നാടിന് മലയാളികളോട് താല്പര്യം തോന്നാന്‍ ഇടയാക്കി.'' ആ താല്പര്യത്തെ കേരളീയം 2023 പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളീയം 2023 സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്. ചീഫ് സെക്രട്ടറി ഡോ. വി വേണു ജനറല്‍ കണ്‍വീനറും വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ കണ്‍വീനറുമാണ്. ജനറല്‍ കമ്മിറ്റി മുഖ്യരക്ഷാധികാരികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, വി.എസ് അച്യുതാനന്ദന്‍ എന്നിവരാണ്. രക്ഷാധികാരികളായി സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് സ്റ്റീയറിങ് കമ്മിറ്റി ചെയര്‍മാന്‍.

കേരളപ്പിറവി ദിനം മുതല്‍ ഒരാഴ്ചക്കാലം തലസ്ഥാന നഗരിയില്‍ നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെ വാഹന ഗതാഗതം ഉണ്ടാവില്ല. പ്രധാന നിരത്തുകളില്‍ ജനങ്ങളാണ് ഉണ്ടാവുക. ട്രാഫിക് വഴി തിരിച്ചു വിടും. 60 വേദികളിലായി 35 ഓളം പ്രദര്‍ശനങ്ങള്‍ നടക്കും. ഇതിനൊപ്പം സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ആറ് ട്രേഡ് ഫെയറുകള്‍, അഞ്ചു വ്യത്യസ്ത തീമുകളില്‍ ചലച്ചിത്രമേളകള്‍, അഞ്ചു വേദികളില്‍ ഫ്‌ളവര്‍ഷോ, എട്ടു വേദികളില്‍ കലാപരിപാടികള്‍, നിയമസഭയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയവയും സംഘടിപ്പിക്കും. 
 

 മധുര പലഹാരങ്ങൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ചു; വൻ മയക്കുമരുന്ന് വേട്ട 
 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി