
തൃശ്ശൂര്‍: തൃശൂര്‍ പെരിങ്ങാവ് ഗാന്ധി നഗറില്‍ ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മരിച്ചത് പെരിങ്ങാവ് മേലുവളപ്പില്‍ പ്രമോദാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് തൊട്ടുമുമ്പ് ഓട്ടോയില്‍ പെട്രോള്‍ കന്നാസുമായി പ്രമോദിനെ കണ്ടിരുന്നതായി പരിസരവാസി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് ഒന്നേമുക്കാലോടെയാണ് ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റിലെ ആളൊഴിഞ്ഞ മരച്ചുവട്ടില്‍ ഒതുക്കി നിർത്തിയിട്ടിരിക്കുന്ന സിഎന്‍ജി ഓട്ടോ റിക്ഷ കത്തുന്നതായി നാട്ടുകാര്‍ കണ്ടത്. പ്രദേശ വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. തീയണച്ചതിന് പിന്നാലെയാണ് പിന്നിലത്തെ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വണ്ടിയുടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പെരിങ്ങാവ് സ്വദേശി മേലുവളപ്പില്‍ പ്രമോദാണെന്ന സൂചന കിട്ടിയത്.
തീ കത്തുന്നതിന് തൊട്ടുമുമ്പ് പ്രമോദിനെ പെട്രോള്‍ നിറച്ച കന്നാസുമായി ഓട്ടോയില്‍ കണ്ടതായി ജയചന്ദ്രനെന്ന സുഹൃത്താണ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. വര്‍ഷങ്ങളായി ഡ്രൈവര്‍ ജോലി നോക്കുകയായിരുന്ന പ്രമോദ് അടുത്തിടെയാണ് സിഎന്‍ജി ഓട്ടോറിക്ഷ എടുത്തത്. സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് മനപ്രയാസം ഉള്ളതായി സുഹൃത്തുക്കളും പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം പ്രമോദിന്‍റേത് തന്നെയെന്ന് ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കുശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam