കടലാക്രമണം; കോവളം അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രവും മുങ്ങി, കടകളില്‍വെള്ളം കയറി

By Web TeamFirst Published May 16, 2021, 11:56 AM IST
Highlights

തിരയും കാറ്റും ശക്തമായതോടെ അപകടാവസ്ഥയിലായ വിഴിഞ്ഞം ചെറുമണൽക്കുഴി തീരത്തുള്ള എല്ലാ കുടുംബങ്ങളെയും ഹാർബർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 

തിരുവനന്തപുരം: തീരദേശത്തെ ഭീതിയിലാക്കി തുടരുന്ന കടൽക്കലിയിൽ കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രവും മുങ്ങി. ബീച്ചിൽ മത്സ്യതൊഴിലാളികൾ കരയ്ക്ക് കയറ്റിവെച്ചിരുന്ന വള്ളങ്ങൾ  തകർത്ത തിരമാലകൾ സമീപത്തെ  പെട്ടിക്കടകളെ വെള്ളത്തിൽ മുക്കി. സമീപത്തെ നടപ്പാതയും കടന്ന് കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറി. ഗ്രോ ബീച്ചിൽ ശക്തമായ  തിരമാലകൾ പൊലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ തകർത്തു. ഇവിടത്തെ പ്രധാനറോഡും തകർന്നു. 

കടലാക്രമണത്തില്‍ ഇലക്ട്രിക് പോസ്റ്റുകളും ഏതു സമയത്തും തകർന്ന് വീഴാവുന്ന  അവസ്ഥയിലായി. ഹൗവ്വാ, ലൈറ്റ് ഹൗസ് ബീച്ചുകളിൽ ശക്തമായ ആഞ്ഞടിച്ച  തിരകൾ  പൊക്കത്തിലുള്ള നടപ്പാതയും തകർത്താണ്  സ്ഥാപനങ്ങൾക്കുള്ളിൽ കയറിയത്.  ഇടക്കൽ പാറയും ലൈഫ് ഗാർഡുമാരുടെ വിശ്രമകേന്ദ്രവും ഒറ്റപ്പെട്ട നിലയിലായി. ലോക് ഡൗൺ കാരണം  സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ നാശനഷ്ടം തിട്ടപ്പെടുത്താനായില്ലെന്ന് അധികൃതർ പറഞ്ഞു. തിരയും കാറ്റും ശക്തമായതോടെ അപകടാവസ്ഥയിലായ വിഴിഞ്ഞം ചെറുമണൽക്കുഴി തീരത്തുള്ള എല്ലാ കുടുംബങ്ങളെയും ഹാർബർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 

പൂവാറിൽ നൂറ് മീറ്ററോളം ഉള്ളിലേക്ക് കയറിയകടൽ സംരക്ഷണ ഭിത്തിയും തീരവും  ഗ്രൗണ്ടും തകർത്ത് ജനവാസ മേഖലക്കടുത്തെത്തി. കടലാക്രമണം ശക്തമായതോടെ പൊഴിക്കരക്ക് സമീപം ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തീരദേശ പോലീസ് സ്റ്റേഷനും അപകടാവസ്ഥയിലായി. കരയിലേക്ക് ശക്തമായി വീശിയടിക്കുന്ന തിരമാലകൾ ഏതുസമയത്തും സ്റ്റേഷൻ പരിസരത്തുമെത്തുമെന്ന ഭീതിയിലാണ് പോലീസുകാരും. 

കടലാക്രമണം വരും ദിവസങ്ങളിലും തുടർന്നാൽ തീരദേശത്തെ കൂടുതൽ സ്ഥലങ്ങൾ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.  വെള്ളം കയറിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ എം.വിൻസെൻറ് എം.എൽ.എ. അധികൃതരുമായി സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ മഴയിൽ വീടുകളിലേക്ക് വെള്ളം കയറിയ കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറ, അമ്പലത്തുംമൂല എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ വീട്ടിലും, പരിസരത്തും  മൂന്ന് ദിവസമായി വെള്ളം കെട്ടികിടക്കുന്നത് കാരണം പ്രാഥമികാവശ്യങ്ങൾക്ക് പോലും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.  വെള്ളം പൊങ്ങിയതിനെ തുടർന്ന് അടിമലത്തുറ ഫാത്തിമമാത ആനിമേഷൻ സെന്‍ററിലേക്ക് മാറ്റിപാർപ്പിച്ചിരുന്ന 25 ഓളം പേരിൽ  ഇന്നലെ നടത്തിയ ആൻറിജൻ ടെസ്റ്റിൽ എല്ലാപേരുടെയും പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും ആശ്വാസമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!