മൂവാറ്റുപുഴ മോഡലിനെ പരിഹസിച്ച എൽദോ എബ്രഹാമിന് വിമർശനവുമായി സോഷ്യൽ മീഡിയ

By Web TeamFirst Published May 15, 2021, 11:12 PM IST
Highlights

കൊവിഡ് രോഗികളെ സഹായിക്കാൻ ആയിരം സന്നദ്ധ പ്രവർത്തകരുമായി തുടങ്ങിയ കൊവിഡ് ബ്രിഗേഡിനെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട മുൻ എംഎൽഎ എൽദോ ഏബ്രഹാമിന്  വിമർശനവുമായി സോഷ്യൽ മീഡിയ. നിയുക്ത മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ വിമർശിച്ചായിരുന്നു എൽദോ എബ്രഹാമിന്റെ കുറിപ്പ്.

മൂവാറ്റുപുഴ: കൊവിഡ് രോഗികളെ സഹായിക്കാൻ ആയിരം സന്നദ്ധ പ്രവർത്തകരുമായി നിയുക്ത എംഎൽഎ മാത്യു കുഴൽനാടൻ തുടങ്ങിയ കൊവിഡ് ബ്രിഗേഡിനെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട മുൻ എംഎൽഎ എൽദോ ഏബ്രഹാമിന്  വിമർശനവുമായി സോഷ്യൽ മീഡിയ. മൂവാറ്റുപുഴയ്ക്കൊരു നാഥനുണ്ടോ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ 13 ദിവസമായിട്ടും മൂവാറ്റുപുഴയിൽ യാതൊരു പ്രവർത്തനവും നടക്കാത്തതിനാലാണ്  കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് എന്നടക്കമുള്ള  വിമർശനങ്ങളായിരുന്നു എൽദോ ഉന്നയിച്ചത്.

മൂവാറ്റുപുഴ മോഡൽ എന്ന്  വിശേഷിക്കപ്പെട്ട  കൊവിഡ് ഡിഫൻസ് ബ്രിഗേഡിൻ്റെ പ്രവർത്തനങ്ങളെ അകാരണമായി വിമർശിക്കുകയാണെന്നാണ് കമന്റുകളിൽ പലരും പറയുന്നത്.  എൽദോയുടെ നടപടി തെരഞ്ഞെടുപ്പ് തോൽവിയുടെ  ജാള്യത മറയ്ക്കാനാണെന്നും കമന്റുകളിൽ പലരും കുറ്റപ്പെടുത്തുന്നു.

അതേസമയം സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കൊവിഡ് സന്നദ്ധ സേനയുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു. 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂം, സ്റ്റോർ റൂം, ഹെൽപ്പ് ഡെസ്ക്, ആംബുലൻസ് സർവീസ് എന്നിവ അടങ്ങിയ സംവിധാനമാണ് മൂവാറ്റുപുഴയിൽ ഒരുക്കിയത്.  സ്വയം സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയ 1000-ത്തോളം വരുന്ന ചെറുപ്പക്കാരും പ്രവർത്തന സജ്ജമായി നിൽക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറയുന്നു.

click me!