ഇരച്ചെത്തിയ 'കള്ളക്കടൽ'; തലസ്ഥാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി, 200 ലേറെ കുടുംബങ്ങൾ ദുരിതത്തിൽ

Published : Apr 01, 2024, 08:14 AM IST
ഇരച്ചെത്തിയ 'കള്ളക്കടൽ'; തലസ്ഥാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി, 200 ലേറെ കുടുംബങ്ങൾ ദുരിതത്തിൽ

Synopsis

അതേസമയം സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ട്. ഉയർന്ന തിരമാലയും കടലാക്രമണവും ഒരു ദിവസം കൂടി തുടരുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

തിരുവനന്തപുരം : അപ്രതീക്ഷിതമായ കടൽക്ഷോഭത്തിൽ വെള്ളത്തിനടിയിലായി തിരുവനന്തപുരത്തെ തീരമേഖല. പൊഴിയൂർ, പൂവാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ  മേഖലയിലെ ഇരുന്നൂറിൽപ്പരം കുടുംബങ്ങളെയാണ് കടലാക്രമണം ബാധിച്ചത്. കഴിഞ്ഞ ദിവസം  ഉച്ചയോടെയാണ് കടൽ കരയിലേക്ക് കയറാൻ തുടങ്ങിയത്.  നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുള്ള ക്രമീകരണമൊരുക്കിയതിനാൽ വലിയ അപകടം ഒഴിവായി. ദുഃഖവെള്ളിയും ഈസ്റ്റർ ആഘോഷവും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാത്തതും അത്യാഹിതങ്ങൾ ഒഴിവാക്കി. 

അപ്രതീക്ഷിതമായി വീശിയടിച്ച തിരമാലകൾ തീരദേശത്തുകാരെ ഭീതിയിലാക്കി.  വൈകുന്നേരം മൂന്നോടെ തീരദേശത്തിന്‍റെ താഴ്ന്ന ഭാഗങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. റോഡുകളും മുങ്ങിയതോടെ  നിരവധി പേർ വീടുകളിൽ കുടുങ്ങി. ജെ. സി. ബി. ഉപയോഗിച്ച് വെള്ളം തുറന്ന് വിട്ട് പരിഹാരം കാണാനുളള ശ്രമം വിജയിച്ചില്ല. തിരമാലകൾ രാത്രിയിലും കരയിലേക്ക് വീശി ക്കയറി. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടായ കള്ളക്കടൽ പ്രതിഭാസമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സാധാരണയായി മാർച്ച് അവസാനം മുതൽ മെയ് വരെ ഇടക്ക് കടലിന്‍റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെങ്കിലും ഇത്ര കലുഷിതമാകില്ലെന്നാണ് വിലയിരുത്തൽ. 

കൊല്ലംകോട് മുതൽ അടിമലത്തുറ വരെ ജില്ലയുടെ തെക്കൻ പ്രദേശത്തെ കടൽ ക്ഷോഭം ഏറെ ബാധിച്ചു. പൊഴിയൂർ,പൂവാർ ഇ.എം.എസ് കോളനി, എരിക്കലുവിള, ചിലാന്തി വിളാകം, കരിംകുളം, പള്ളം, പുല്ലുവിള, അടിമലത്തുറ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. പൂവാർ , കരുംകുളം, കുളത്തൂർ, കോട്ടുകാൽ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കായി അധികൃതർ സ്കൂളുകൾ  സജ്ജമാക്കിയിട്ടുണ്ട്. 

വീടൊഴിഞ്ഞ് പോകുന്നവർ ക്യാമ്പുകളിൽ എത്തണമെന്ന അറിയിപ്പും നൽകി. കടൽ ശാന്തമാകുന്നതുവരെ ആരും കടലിൽ പോകരുതെന്ന് ആരാധനാലയങ്ങൾ വഴിയും കടലോര ജാഗ്രതാ സമിതി വഴിയും പൊലീസും , മറൈൻ എൻഫോഴ്സുമെന്‍റും, ഫിഷറീസ് അധികൃതരും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ട്. ഉയർന്ന തിരമാലയും കടലാക്രമണവും ഒരു ദിവസം കൂടി തുടരുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

Read More : 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം പരിചയം, മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു, 26 കാരൻ പിടിയിൽ