വണ്ടാനത്ത് വാടക കുടിശിക വരുത്തിയ കോഫീ ഷോപ്പ് പൂട്ടിച്ചു

By Web TeamFirst Published Dec 6, 2019, 10:01 PM IST
Highlights

മാസം 2000 മുതൽ 5000 രൂപ വരെ വാടകക്കാണ് ആശുപത്രി അങ്കണത്തിലുള്ള പല കടകളും പ്രവർത്തിച്ചിരുന്നത്. 

അമ്പലപ്പുഴ: വണ്ടാനത്ത് വാടക കുടിശിക വരുത്തിയ കോഫീ ഷോപ്പ് പൂട്ടിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ പ്രവർത്തിച്ചിരുന്ന കടയാണ് സൂപ്രണ്ട് ഡോ.ആർ വി രാംലാൽപൂട്ടിച്ചത്. ഒമ്പത് മാസത്തെ വാടക ഇനത്തിൽ 18 ലക്ഷം രൂപയാണ് നടത്തിപ്പുകാരിയായ ജാസ്മിൻ കുടിശിക വരുത്തിയത്. 

വാടക ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ നിരവധി തവണ കത്ത് നൽകിയിരുന്നു. എന്നാൽ, പ്രളയശേഷം കച്ചവടം മോശമാണന്നും പിന്നീട് തരാമെന്നും പറഞ്ഞു. പിന്നീട് കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങാൻ നീക്കം നടത്തുന്നതിനിടെയാണ് സൂപ്രണ്ട് ഇടപെട്ട് കട പൂട്ടി സീൽ ചെയ്തത്. പ്രതിമാസം രണ്ടു ലക്ഷം രൂപ വാടകയിനത്തിൽ 3 വർഷം മുമ്പാണ് നീർക്കുന്നം സ്വദേശി ജാസ്മിന്റെ പേരിൽ കട പിടിച്ചത്. 

മാസം 2000 മുതൽ 5000 രൂപ വരെ വാടകക്കാണ് ആശുപത്രി അങ്കണത്തിലുള്ള പല കടകളും പ്രവർത്തിച്ചിരുന്നത്. വാടക വർധിപ്പിച്ച് ഇവ ലേലത്തിൽ വിട്ടുനൽകണമെന്നും അധികം കിട്ടുന്ന തുക ആശുപത്രി വികസന സമിതി വഴി നിർധന രോഗികൾക്കായി ചെലവഴിക്കണമെന്നും കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ വീട്ടിൽ നസീർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉയർന്ന തുകക്ക് കട ലേലത്തിൽ പോയത്. ഈ സമയം മറ്റു ചില കടക്കാർ കോടതിയെ സമീപിച്ച് ലേലത്തിൽ നിന്ന് ഒഴിവാകുകയായിരുന്നു. കട പൂട്ടിയ വിവരം ചൂണ്ടിക്കാട്ടി കളക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും സംഭവത്തിൽ ജപ്തി നടപടികൾ കൈക്കൊള്ളാനാണ് സാധ്യതയെന്നും സൂപ്രണ്ട് പറഞ്ഞു.

click me!