ഗുണനിലവാരമില്ലാത്ത ചകിരി നൽകി കയർ ഫെഡ് വഞ്ചന; സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ

By Web TeamFirst Published Oct 2, 2021, 1:05 PM IST
Highlights

ഗുണനിലവാരമില്ലാത്ത ചകിരി നൽകി കയർ സഹകരണ സംഘങ്ങളെ കയർ ഫെഡ് വഞ്ചിക്കുന്നു. മോശം ചകിരി ഉപയോഗിക്കുന്നത് മൂലം ഉത്പാദനം ഗണ്യമായി കുറഞ്ഞു. 

ആലപ്പുഴ: ഗുണനിലവാരമില്ലാത്ത ചകിരി നൽകി കയർ സഹകരണ സംഘങ്ങളെ കയർ ഫെഡ് വഞ്ചിക്കുന്നു. മോശം ചകിരി ഉപയോഗിക്കുന്നത് മൂലം ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംഘങ്ങളും തൊഴിലാളികളും.

കയർ സംഘങ്ങൾ സ്വന്തമായി ചകിരി വാങ്ങിയിരുന്ന കാലത്ത് പരമാവധി ഉത്പാദനം നടന്നു. പാഴായി പോകുന്നത് തുച്ഛമായി ചകിരി മാത്രം. എന്നാൽ ഇന്ന് സ്ഥിതി അതല്ല. കയർ ഫെ‍ഡ് വാങ്ങി നൽകുന്ന നിലവാരം കുറഞ്ഞ ചകിരിയിൽ നിന്ന് ഗുണമേന്മയുള്ള കയർ പിരിച്ചെടുക്കുക തൊഴിലാളിക്ക് വെല്ലുവിളിയാണ്. പിരിക്കുന്ന കയറിനാണ് തൊഴിലാളിക്ക് കൂലി.

കിലോയ്ക്ക് 18 രൂപ നിരക്കിലാണ് സംഘങ്ങൾ നേരിട്ട് ചകിരി ഇറക്കിയിരുന്നത്. എന്നാൽ ഇതിനുള്ള അധികാരം കയർ ഫെഡ് ഏറ്റെടുത്തു. കിലോയ്ക്ക് 23 രൂപ ന‌ൽകി അവർ ചകിരി വാങ്ങി നൽകുന്നു. അതും നിലാവാരം തീരെയില്ലാത്തത്.

നിലവാരം കുറഞ്ഞ ചകിരി സംബന്ധിച്ച് പരാതി വന്നപ്പോൾ മുൻ കയർ വകുപ്പ് ഡോ. തോമസ് ഐസക് സംഘങ്ങൾക്ക് നേരിട്ട് ചകിരി വാങ്ങാനുള്ള അധികാരം തിരികെ നൽകിയിരുന്നു.പക്ഷെ പുതിയ സർക്കാർ വന്നപ്പോൾ വീണ്ടും കയർ ഫെഡ് ചുമതല ഏറ്റെടുത്തു. ഇടനിലക്കാർ വഴിയുള്ള കമ്മീഷൻ ഏർപ്പാടാണ് ഇതിനു പിന്നിലെന്ന് സംഘങ്ങൾ ആരോപിക്കുന്നു.

click me!