
തിരുവനന്തപുരം: തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് പുതുമയേറിയ സ്വീപ് പ്രചാരണപരിപാടികളുമായി ജില്ലാ കളക്ടർ അനു കുമാരിയും സംഘവും. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. പാരാ ഗ്ലൈഡിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്.
ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാ ഗ്ലൈഡിംഗ് നടത്തിയ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പാപനാശത്ത് കളക്ടറും സംഘവും പാരാസെയിലിംഗും നടത്തി.
വോട്ടിംഗിന്റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിംഗ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം സ്വീപ്പിന്റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്‌കൂബാ ഡൈവിംഗും ശ്രദ്ധേയമായിരുന്നു. സ്വീപ്പ് ജില്ലാ കോർഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സി, വർക്കല റിട്ടേണിംഗ് ഓഫീസർ കബനി സി, സ്വീപ്പ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam