
തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ആറ് പേര്‍ക്ക് പരിക്കേറ്റു. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 9.30 യോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെയും ഹോട്ടൽ ജീവനക്കാരിയേയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ജീവനക്കാരി മങ്ങാട് സ്വദേശി സരളയുടെ പരിക്ക് സാരമുള്ളതാണ്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീട് വടക്കാഞ്ചേരി പൊലീസും സ്ഥലത്തെത്തി. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ വന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, തിരുവനന്തപുരം പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്. സംസ്ഥാന പാതയിൽ പാലോട് സ്വാമി മുക്കിൽ ഇന്ന് രാവിലെ 7.30 നാണ് അപകടം. മടത്തറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് പോയ ബൈക്ക് വളവിൽ തെന്നി മറിയുകയും എതിരെ വന്ന സ്വകാര്യ ബസിന് അടിയിൽപ്പെടുകയുമായിരുന്നു. ബസ്സിന്‍റെ പിൻചക്രങ്ങൾ കയറി ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലോട് പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Also Read: അമിത വേഗതയില്‍ വന്ന ബൈക്ക് തെന്നിമാറി ബസിന്‍റെ അടിയില്‍പ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം പൂവച്ചലില്‍ ലോറി ഇടിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കും ഗുരുതര പരിക്കേറ്റു. പൂവച്ചൽ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിനാണ് പരിക്കേറ്റത്. രാവിലെ സ്കൂളിന് മുന്നിൽ വെച്ചു സിമന്റ് ലോറി ഇരിക്കുകയായിരുന്നു. ലോറിയുടെ വലത് വശത്തെ മുൻ ടയർ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.