
തൃശൂർ: തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേതാവ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകർക്കെതിരെ കോൺഗ്രസ്. സംഭവത്തിൽ അധ്യാപകരുടെ മൗനം അപമാനകരമാണെന്ന് കെപിസിസി സെക്രട്ടറി എ. പ്രസാദ് പറഞ്ഞു. കേസിൽ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വിദ്യാര്‍ഥി അറസ്റ്റിലായി മൂന്നാഴ്ചയായിട്ടും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മൗനം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥിനി ക്രൂരമായ പീഡനത്തിന് ഇരയായി ആശുപത്രിയിൽ ചികിത്സ തേടിയിട്ടും പഠനം അവസാനിപ്പിച്ച് പോയിട്ടും അധികാരികൾ ഈ സംഭവങ്ങൾ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. മൗനം പാലിച്ച് പ്രതിക്കു രക്ഷപ്പെടുന്നതിനാവശ്യമായ സഹായം നൽകി എന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
2023 മെയിൽ കോളേജ് അവധിക്കാലത്ത് ഡി സോൺ മത്സരങ്ങളുടെ തയാറെടുപ്പിന്റെ സമയത്താണ് സനേഷ് എന്ന വിദ്യാർഥി ക്ലാസ് മുറിയില്‍ വെച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സംഭവം പൊലീസില്‍ പരാതിയായി എത്തുന്നത് 2024 ഓഗസ്റ്റ് 12 നാണ്. തുടർന്ന് വെസ്റ്റ് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയായ വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജർ കൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിയെ നേരിട്ടുകണ്ട എ. പ്രസാദ് പരാതി നൽകി. പരാതിയുടെ പകർപ്പ് മന്ത്രി ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കും നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam