കൊയ്ത്ത് യന്ത്രം ചെളിയില്‍ താഴ്ന്നു; നാലുതോട് പാടശേഖരത്തിലെ കൊയ്ത്ത് വീണ്ടും മുടങ്ങി

By Web TeamFirst Published May 17, 2022, 7:53 PM IST
Highlights

ഇന്ന് മഴ മാറി നിന്നതോടെ കൊയ്യാനായി പാടത്തേക്ക് ഇറക്കിയ യന്ത്രത്തിന്റെ ചക്രങ്ങൾ ചെളിനിറഞ്ഞ വെള്ളത്തിൽ താഴുകയായിരുന്നു. 

മാന്നാർ:  കൊയ്ത്ത് യന്ത്രം ചെളിയിൽ താഴ്ന്നതുമൂലം ഇറുന്നൂറ്റി അന്‍പതോളം ഏക്കർ വരുന്ന നാലുതോട് പാടശേഖരത്തിലെ കൊയ്ത്ത് വീണ്ടും മുടങ്ങി. ആലപ്പുഴയിലെ മാന്നാറിലാണ് സംഭവം. ഇതോടെ കർഷകർ പ്രതിസന്ധിയിലായി. അപ്പർകുട്ടനാടൻ മേഖലകളായ മാന്നാർ-ചെന്നിത്തല പാടശേഖരങ്ങളിൽ കൊയ്ത് കൂട്ടിയ നെല്ലുകൾ സംഭരിക്കാതെ മില്ലുടമകൾ വിട്ടുനിന്നതോടെ കര്‍ഷകര്‍ കൊയ്ത്ത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. തുടര്‍ന്ന് കൃഷിഓഫീസറുടെ സാന്നിധ്യത്തിൽനടന്ന പാടശേഖരസമിതിയുടെ അടിയന്തിര പൊതുയോഗത്തിൽ വെച്ച് നാലുതോട് പാടശേഖരത്തിലെ കർഷകര്‍ കൊയ്ത്തിന് തയ്യാറാവുകയായിരുന്നു. 

തിങ്കളാഴ്ച കൊയ്യാനായി വേണ്ട തയ്യാറെടുപ്പുകൾ നടത്തിവരവെയാണ് തോരാതെ പെയ്ത മഴ പ്രതീക്ഷകൾ തകർത്തത്. ഇന്ന് മഴ മാറി നിന്നതോടെ കൊയ്യാനായി പാടത്തേക്ക് ഇറക്കിയ യന്ത്രത്തിന്റെ ചക്രങ്ങൾ ചെളിനിറഞ്ഞ വെള്ളത്തിൽ താഴുകയായിരുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, ചെങ്ങന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗീത.എസ്, മാന്നാർ കൃഷി ഓഫീസർ പി സി ഹരികുമാർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി കൊയ്ത്ത് മുടങ്ങാനുണ്ടായ സാഹചര്യം നേരിട്ട് മനസ്സിലാക്കി. ഏകദേശം 250തോളം ഏക്കർ വരുന്ന നാലുതോട് പാടശേഖരത്തിലെ കൊയ്ത്ത് മുടങ്ങിയാൽ കഴിഞ്ഞ കൃഷിയിലും കടത്തിലായ കർഷകർ വീണ്ടും കടക്കെണിയിലാവും.

കനത്ത മഴ, മ‌ടവീഴ്ച: വിളവെടുക്കാൻ പാകമായ 30 ഏക്കർ നെൽകൃഷി നശിച്ചു 

മാന്നാർ: അച്ചൻകോവിലാറായ കുട്ടമ്പേരൂർ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ മടവീഴ്ച്ചയിൽ കൃഷിനാശം. മാന്നാർ കുട്ടമ്പേരൂർ കണ്ണൻകുഴി പാടത്താണ് മട വീഴ്ചയിൽ മുപ്പതോളം ഏക്കർ വിളവെടുക്കാൻ പാകമായ നെൽക്കൃഷിയാണ് നശിച്ചത്. ഇന്ന് പുലർച്ചയാണ് വെള്ളംകയറി നശിച്ചത്. മാന്നാർ കൃഷി ഓഫിസർ പി സി ഹരികുമാർ സ്ഥലത്തെത്തുകയും കായംകുളം ഇറിഗേഷൻ അസി. എഞ്ചിനീയറുടെ നിർദ്ദേശപ്രകാരം മടവീണ ഭാഗത്ത് ചെളിയും മണ്ണുമിട്ട് നികത്തി. എട്ടുവർഷമായി തരിശുകിടന്ന അമ്പതേക്കറിലെ മുപ്പതേക്കർ പാടമാണ് സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി കൃഷിയിറക്കിയത്.

നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന കുട്ടംപേരൂർ ആറിനോട് ചേർന്നുള്ള കണ്ണൻകുഴി പാട്ടത്തിനു സമീപം മടവീഴ്ചയുണ്ടാവാതിരിക്കാൻ സ്ഥിരമായ സംവിധാനത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഷട്ടർ സ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് ബാക്കിയുള്ളതെന്ന് കായംകുളം ഇറിഗേഷൻ അസി. എൻജിനീയർ പി ജ്യോതി പറഞ്ഞു. കനത്ത മഴയെ തുടർന്ന് അപ്പർകുട്ടനാടൻ മേഖലയിലെ മാന്നാർ, ചെന്നിത്തല കൃഷിഭവൻ പരിധിയിലുള്ള ചെന്നിത്തല ഓന്നാം ബ്ലോക്ക് പാടത്തും കുരട്ടിശ്ശേരി കണ്ടങ്കേരി, വേഴത്താർ, നാലുതോട് എന്നീ പാടത്തെ നെൽകൃഷിയും വ്യാപകമായി നശിച്ചു. 

പാടത്ത് വെള്ളം കെട്ടി കിടക്കുന്നതിനാൽ നെല്ലുകൾ നിലം പൊത്തിയ നിലയിലാണ്. വിളവെടുപ്പിന് പ്രായമായ നെൽച്ചെടികൾ പൂർണമായി വെള്ളത്തിനടിയിലായതിനാൽ നെല്ല് കൊയ്തെടുക്കാൻ പറ്റാത്ത നിലയിൽ കർഷകർ ആശങ്കയിലാണ്. 

 

click me!