
കോട്ടയം: കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന പരാതി കേരളത്തെ ഞെട്ടിച്ചത് അതൊരു പങ്കാളിയെ പങ്കുവെയ്ക്കൽ കേസായി മാറിയതോടെ ആയിരുന്നു. വലിയ ആഴത്തിൽ ആണ്ടുകിടന്ന കണ്ണികളെയാണ് പൊലീസ് അന്ന് തേടിയത്. ഭര്‍ത്താവിന് എതിരയെയായിരുന്നു യുവതിയുടെ പീഡന പരാതി. പക്ഷേ യുവതിയുടെ വിശദമായി മൊഴിയെടുത്തപ്പോൾ കേസിന്‍റെ സ്വഭാവം തന്നെ മാറി.
യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം കേട്ടിട്ടുള്ള പങ്കാളിയെ പങ്കുവയ്ക്കൽ, അതായത് വൈഫ് സ്വാപ്പിങ്. അവിടെ പലപ്പോഴും ദമ്പതികളുടെ സ്വന്തം ഇഷ്ടത്തോടെ ആണെങ്കിൽ ഇവിടെ ഭയപ്പെടുത്തിയും മർദ്ദിച്ചും പണം വാങ്ങിയും ഭാര്യയെ പങ്കുവെയ്ക്കുന്ന ഒരു ക്രിമിനൽ സംഘമായിരുന്നു അത്. 5000ൽ പരം അംഗങ്ങളുള്ള 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം. നവദമ്പതികൾ മുതൽ 20 വർഷം കഴിഞ്ഞ ദമ്പതിമാര്‍ വരെ. ഇവരിൽ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. മണർകാട് സ്വദേശിയായ യുവതിയുടെ ഭർത്താവ് ഭാര്യയെ സംഘത്തിന് വിട്ടുകൊടുത്തത് 15,000 രൂപ മുതൽ ഈടാക്കിയായിരുന്നു.
എതിർത്തപ്പോൾ മക്കളേയും മർദ്ദിച്ചു. ഒടുവിൽ സഹിക്കെട്ടാണ് പൊലീസിന്‍റെ സഹായം തേടിയത്. പൊലീസ് അന്വേഷണം പ്രത്യേക സംഘം രൂപീകരിച്ച് മുന്നോട്ട് നീങ്ങി. കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് യുവതിയുടെ അരുംകൊല സംഭവിച്ചിരിക്കുന്നത്. ഇതിനിടയിൽ ഭർത്താവിന്‍റെ മാപ്പ് പറച്ചിലിൽ എല്ലാം ക്ഷമിച്ച് യുവതി അയാളൊടൊപ്പം ജീവിച്ചിരുന്നു. പക്ഷേ എല്ലാം പഴയ പടിയായതോടെ വേർപിരിഞ്ഞു. പരാതിക്കാരെ സംരക്ഷിക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതിന്‍റെ മറ്റൊരു ഉദാഹരണമാവുകയാണ് മണർക്കാട്ടെ സംഭവം.
പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വെള്ളിയാഴ്ച രാവിലെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയത് ഭർത്താവ് ഷിനോ മാത്യുവാണെന്നാണ് വിവരം. യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നാല് സ്ക്വാഡുകളായി ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് ഭർത്താവിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam