
മാന്നാര്‍: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് റോഡ് കോണ്‍ക്രീറ്റ് ചെയ്ത ബിജെപി പഞ്ചായത്തംഗത്തിനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി ഭരണം നടത്തുന്ന മാന്നാര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി കോട്ടുവിള, പുളിവേലിമഠം, സായിമന്ദിര്‍ എന്നീ റോഡുകളാണ് ബിജെപി പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് കൊടുത്തത്.
ഒന്നോ രണ്ടോ വീട്ടുകാര്‍ ഗുണഭോക്താക്കളുള്ള റോഡുകളാണ് കോണ്‍ക്രീറ്റ് ചെയ്തത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഇല്ലാത്ത റോഡുകള്‍ക്കാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചത്. സമീപ വാര്‍ഡുകളിലെ റോഡുകളായ പഞ്ചായത്ത് ഓഫീസ്-കോട്ടയ്ക്കല്‍കടവ്, കുറ്റിയില്‍മുക്ക്-മില്‍മ റോഡ്, കുരട്ടിയമ്പലം-തട്ടാരകടവ് എന്നീ റോഡുകള്‍ താറുമാറായി കിടക്കുമ്പോഴാണ് ഏഴ് ലക്ഷത്തില്‍ എഴുപതിനായിരം രൂപ ചെലവഴിച്ച് പഞ്ചായത്തംഗം റോഡ് കോണ്‍ക്രീറ്റ് ചെയ്ത് കൊടുത്തത്.
പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് സഹായകരമായ വിധത്തിലാണ് പുളിവേലില്‍മഠം റോഡ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. നന്ത്യാട്ട് ജംഗ്ഷന് സമീപമുള്ള നീരൊഴുക്ക് തോട് സ്വകാര്യ വ്യക്തികള്‍ക്ക് നടക്കുന്നതിന് വേണ്ടി പൈപ്പിട്ട് നികത്തിയ വഴിയാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്.
പൈപ്പുകളില്‍ ജലസംവിധാനം തടസപ്പെട്ടാല്‍ അറ്റകുറ്റപണികള്‍ നടത്താന്‍ പോലും കഴിയതെ പ്രദേശമാകെ രൂക്ഷമായ വെള്ളക്കെട്ടിലാകുന്ന നിലയിലാണിപ്പോള്‍. പഞ്ചായത്തംഗത്തിന്‍റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരിലുള്ളത്.
സംഭവങ്ങള്‍ ചൂണ്ടികാട്ടി പരിസരവാസികള്‍ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക ക്രമക്കേട് ചൂണ്ടികാട്ടി ഓംബുഡന്‍സ്മാന് പരാതി നല്‍കുവാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam