
മൂന്നാര്‍: സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചു വീഴ്ത്തി നിര്‍ത്താത പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതി. ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം. കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർക്കെതിരെ അപകടത്തില്‍ പരിക്കേറ്റ കുട്ടികൾ ഇടുക്കി ആർടിഒ ആര്‍ രമണന് പരാതി നല്‍കി. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറോട് ആർ ടി ഓഫിസിൽ ഹാജരാകാൻ ആര്‍ടിഒ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് മുരിക്കാശേരിയിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന അമ്മയേയും രണ്ട് പെൺകുട്ടികളെയും കെ എസ് ആർ ടി സി ബസ് ഇടിച്ച് വീഴ്ത്തിയത്.
എറണാകുളത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ് നിർത്താതെ പോവുകയായിരുന്ന. അടുത്ത സ്ഥലത്ത് ആളുകൾ ബസ് തടഞ്ഞെങ്കിലും അപകമുണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞ് ഡ്രൈവര്‍ വാഹനുമായി രക്ഷപെട്ടു. നാട്ടുകാരാണ് റോഡിൽ വീണു കിടന്ന മൂവരേയും ആശുപത്രിയിൽ എത്തിച്ചത്. മുരിക്കാശ്ശേരി സ്വദേശി രഞജിത്തിൻറെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. കാര്യമായി പരുക്കില്ലെങ്കിലും കുട്ടികളുടെ പേടി ഇപ്പോഴും മാറിയിട്ടില്ല. അതിനാലാണ് ഇടുക്കി ആർടിഒയ്ക്ക് കുട്ടികളുമായെത്തി പരാതി നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചത്.
സംഭവത്തിൽ കേസെടുത്ത ഇടുക്കി ആർ ടി ഒ ഡൈവറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കട്ടപ്പന സ്വദേശിയായ ഡ്രൈവർ ബിനോയിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഇടുക്കി ആർ ടി ഒ ആർ. രമണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവം സംബന്ധിച്ച് മുരിക്കാശ്ശേരി പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
Read More : ഇടുക്കി ജില്ലയിൽ നിയന്ത്രണം, രാത്രി 7 മുതൽ രാവിലെ 6 വരെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം