പഠിപ്പുമുടക്ക് സമരത്തിനിടെ മലപ്പുറത്ത് എസ്എഫ്ഐ പ്രവർത്തകർ അധ്യാപകനെ മർദിച്ചെന്ന് പരാതി; 11 പേർക്കെതിരെ കേസ്

Published : Dec 07, 2023, 12:55 PM IST
പഠിപ്പുമുടക്ക് സമരത്തിനിടെ മലപ്പുറത്ത് എസ്എഫ്ഐ പ്രവർത്തകർ അധ്യാപകനെ മർദിച്ചെന്ന് പരാതി; 11 പേർക്കെതിരെ കേസ്

Synopsis

എടവണ്ണ ഇസ്ലാഹിയ ഓറിയന്‍റൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ അധ്യാപകൻ എ പി ജൗഹറിനാണ് മർദനമേറ്റത്

മലപ്പുറം: പഠിപ്പുമുടക്ക് സമരം നടത്തുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ അധ്യാപകനെ മർദിച്ചതായി പരാതി. എടവണ്ണ ഇസ്ലാഹിയ ഓറിയന്‍റൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ അധ്യാപകൻ എ പി ജൗഹറിനാണ് മർദനമേറ്റത്. വണ്ടൂർ ഏരിയ നേതാക്കളാണ് മർദിച്ചതെന്ന് നാട്ടുകാർ പറയുന്നു.

എടവണ്ണ സീതിഹാജി ഹയർ സെക്കൻഡറി സ്‌കൂളിലും എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലും സമരക്കാർ മുദ്രാവാക്യമുയർത്തി എത്തിയിരുന്നു. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളെ ഇറക്കി വിടണമെന്നും ക്ലാസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സ്‌കൂൾ അധികൃതർ തയ്യാറായിരുന്നില്ല. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ ക്ലാസ് റൂമുകളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ക്ലാസ്സിൽ ഉണ്ടായിരുന്ന അധ്യാപകനെയും മർദിച്ചെന്നാണ് പരാതി. 

അതിനു ശേഷം സ്‌കൂൾ വിട്ടു പോയ എസ്എഫ്ഐ പ്രവർത്തകർ അടുത്ത സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളുമായി ഓറിയന്‍റൽ ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനമായി കടന്നുവന്നു. സ്‌കൂളിലെ ബെല്ലടിക്കുകയും സ്‌കൂൾ ഗ്രൗണ്ടിലും വരാന്തയിലും പ്രതിഷേധം നടത്തുകയും ചെയ്തു. അധ്യാപകന്‍ എ പി ജൗഹർ മാസ്റ്റർ പൊലീസിൽ പരാതി നൽകി. എടവണ്ണ സി ഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌കൂളിൽ വന്ന് വിവരങ്ങൾ ശേഖരിച്ചു. സ്‌കൂളിലെ മൂന്ന് പേർക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂട്ടംചേർന്ന് സ്‌കൂളിൽ അതിക്രമിച്ചു കയറിയതിനും അധ്യാപകനെ മർദ്ദിച്ചതിനുമാണ് കേസ്.

സംസ്ഥാനത്തെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് പഠിപ്പുമുടക്ക് സമരം എന്നാണ് എസ്എഫ്ഐ വ്യക്തമാക്കിയിരുന്നത്. ബിജെപി പ്രസിഡന്റ് എഴുതി നൽകുന്ന പേരുകൾ സർവകലാശാല സിൻഡിക്കേറ്റ് അം​ഗങ്ങളായി ഗവർണർ നിയമിക്കുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. രാജ്യത്താകമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കുന്നതിന്റെ ഭാ​ഗമായാണ് കേരളത്തിലെ സർവകലാശാലകളിലും ഇത്തരം നീക്കം ​ഗവർണർ നടത്തുന്നതെന്നും എസ്എഫ്ഐ വിമര്‍ശിക്കുകയുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്