സിറാമിക് ചെയർമാൻ വായോളി മുഹമ്മദിൻ്റെ പത്രിക സ്വീകരിച്ചതിനെതിരെ തെര.കമ്മിഷന് പരാതി

By Web TeamFirst Published Nov 20, 2020, 7:54 PM IST
Highlights

നൂറു ശതമാനം സർക്കാർ ഓഹരിയുള്ള കേരള സിറാമിക്സ് ലിമിറ്റഡ് ചെയർമാനായ വായോളി മുഹമ്മഭ് മാസ്റ്ററുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ടി.കെ.പി. അബൂബക്കർ വരണാധികാരിയ്ക്ക് പരാതി നൽകിയിരുന്നു.

കോഴിക്കോട്: കേരള സിറാമിക്സ് ലിമിറ്റഡ് ചെയർമാനും കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 18 കരുവൻപൊയിൽ ഈസ്റ്റിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ വായോളി മുഹമ്മദ് മാസ്റ്ററുടെ പത്രിക സ്വീകരിച്ചതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ഡിവിഷനിലെ എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസിലെ ടി.കെ.പി. അബൂബക്കറാണ് പരാതി നൽകിയത്.

നൂറു ശതമാനം സർക്കാർ ഓഹരിയുള്ള കേരള സിറാമിക്സ് ലിമിറ്റഡ് ചെയർമാനായ വായോളി മുഹമ്മഭ് മാസ്റ്ററുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ടി.കെ.പി. അബൂബക്കർ വരണാധികാരിയ്ക്ക് പരാതി നൽകിയിരുന്നു. 51 ശതമാനത്തിൽ കൂടുതൽ സർക്കാർ ഓഹരിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ മത്സരിക്കാൻ പാടില്ലെന്നും വായോളി മുഹമ്മദ് മാസ്റ്റർ കേരള സിറാമിക്സ് ലിമിറ്റഡിൻ്റെ വാഹനവും മറ്റ് ആനുകൂല്യങ്ങളും കൈപറ്റുന്നെന്ന് കാണിച്ചായിരുന്നു പരാതി. എന്നാൽ ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാൻ വിലക്കുണ്ടെങ്കിലും ആക്റ്റിലെ വിശദീകരണം (2) പ്രകാരം ഹോണറേറിയം കൈപറ്റാത്തവരെ ജീവനക്കാരായി കാണാൻ കഴിയില്ലെന്നായിരുന്നു വരണാധികാരി നൽകിയ മറുപടി. 

വ്യവസായ വകുപ്പ് 2020 ഫെബ്രുവരി 28 ന് നൽകിയ കത്തിൽ വായോളി മുഹമ്മദ് മാസ്റ്റർ ഹോണറേറിയം പറ്റുന്നില്ലെന്നാണ് പറയുന്നതെന്ന് കാണിച്ചാണ് വരണാധികാരി ടി.കെ.പി. അബൂബക്കറിൻ്റെ ആക്ഷേപം തള്ളിയത്. തുടർന്നാണ് ടി.കെ.പി. അബൂബക്കർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. സൂഷ്മ പരിശോധനയിൽ രേഖകൾ സഹിതം റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയിട്ടും ഭരണ സ്വാധീനം ഉപയോഗിച്ച് നിയമ വിരുദ്ധമായി വായോളി മുഹമ്മദ് മാസ്റ്ററുടെ  നാമനിർദ്ദേശപത്രിക സ്വീകരിച്ചെന്ന് ആരോപിച്ചാണ് ടി.കെ.പി. അബൂബക്കർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. എന്തായാലും കരുവൻ പൊയിൽ ഈസ്റ്റിലെ തെരഞ്ഞെടുപ്പ് പോരാട്ടം കോടതി കയറുമെന്ന് ഉറപ്പായി. 

click me!