
കൊല്ലം: കൊല്ലം മാമൂട് സ്വദേശിയെ വ്യാജ സമ്മാനക്കൂപ്പൻ അയച്ച് നൽകി പണം തട്ടിയതായി പരാതി. മാമൂട് സ്വദേശി രാജീവിനാണ് 9700 രൂപ നഷ്ടമായത്. സമ്മാനമായി കിട്ടിയ സ്വിഫ്റ്റ് കാറിന്‍റെ പണം നൽകാൻ ജിഎസ്‍ടി അടക്കാനെന്ന പേരിൽ തട്ടിപ്പ് സംഘം പണം വാങ്ങിയെന്നാണ് കുണ്ടറ പൊലീസിൽ നൽകിയ പരാതി.
കഴിഞ്ഞ മാസം 25നാണ് ദില്ലിയിലെ വെസ്റ്റ് പട്ടേൽ നഗറിലെ ആയുര്‍വ്വേദ കെയര്‍ ഗ്രൂപ്പിന്‍റെ പേരിൽ രാജീവിന് ആദ്യം ഫോൺ വിളി എത്തുന്നത്. സമ്മാന കൂപ്പണ്‍ അടിച്ചിട്ടുണ്ടെന്നും മാരുതി സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിക്കുമെന്നുമായിരുന്നു ഫോണ്‍. ആദ്യം വിശ്വസിച്ചില്ലെങ്കിലും ഫോണ്‍ വിളിച്ചയാള്‍ സമ്മാന കൂപ്പണ്‍ അയച്ചിട്ടുണ്ടെന്നും അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാജീവന്‍റെ വീട്ടിലേക്ക് സമ്മാനക്കൂപ്പനും കത്തും എത്തി. രണ്ടാം സമ്മാനമായ സ്വിഫ്റ്റ് കാര്‍ കിട്ടിയെന്നായിരുന്നു അറിയിപ്പ്. കാർ ലഭിക്കാനായി ജിഎസ്ടിക്ക് പണം നല്‍കണമെന്നും അതിനുള്ള ബാങ്ക് വിവരങ്ങളും രാജീവന് തട്ടിപ്പ് സംഘം നൽകി. നിര്‍ദ്ദേശപ്രകാരം 9700 രൂപാ അടച്ച് രാജീവൻ കാത്തിരിപ്പു തുടങ്ങി. വിളിക്കാതായപ്പോൾ തിരിച്ച് വിളിച്ചു. എന്നാൽ ആ നമ്പർ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം രാജീവ് മനസിലാക്കിയത്. എന്തായാലും പൊലീസിൽ പരാതിപ്പെട്ട് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജീവൻ.
Read More : 'അതിർത്തി തർക്കം അതിരുവിട്ടു'; തലക്കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ബന്ധുക്കളായ പ്രതികൾ പിടിയിൽ