
മണ്ണാർക്കാട്: ധനകാര്യസ്ഥാപനങ്ങളിൽ നിന്നും സ്ത്രീകളെ കബളിപ്പിച്ച് വായ്പയെടുപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. പാലക്കാട് മണ്ണാ൪ക്കാട് തെങ്കരയിലെ നൂറോളം സ്ത്രീകളാണ് മണ്ണാ൪ക്കാട് പൊലീസിൽ പരാതി നൽകിയത്. മുണ്ടക്കണ്ണി സ്വദേശി വിജയലക്ഷ്മിക്കെതിരെയാണ് വീട്ടമ്മമാ൪ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തിയത്. സഹോദന്റെ ഭാര്യയുടെ പേരിൽ വിവിധ ബാങ്കുകളിൽ നിന്നായി ആറ് ലക്ഷം രൂപ വായ്പ എടുത്ത് തട്ടിയെന്ന പരാതിയും പൊലീസിനു ലഭിച്ചു.
വീടുകൾ തോറും കയറി ഇറങ്ങി, സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി, വായ്പ സംഘടിപ്പിച്ച് നൽകിയുള്ള തട്ടിപ്പാണ് വെളിച്ചത്തു വന്നിരിക്കുന്നത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നും എളുപ്പത്തിൽ വായ്പ വാങ്ങിക്കൊടുക്കാാമെന്നും പണം ഘഡുക്കളായി നൽകിയാൽ മതി എന്ന് വിശ്വസിപ്പിച്ചാണ് വ്യാപക തട്ടിപ്പ് നടന്നത്. ചില സ്ത്രീകളുടെ ആധാർകാർഡും ഫോട്ടോയും വാങ്ങി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കുടുംബശ്രീകളിൽ നിന്നും അവരുടെ പേരിൽ വായ്പ അനുവദിച്ച്, വായ്പ താൻ തിരിച്ച് അടയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ലക്ഷങ്ങൾ തട്ടിയെന്ന പരാതിയും ഉണ്ട്. തിരിച്ചടവിനായി മാസം തോറും പണം പിരിവും ഇവർ നടത്തിയിരുന്നു. എന്നാൽ പണം വായ്പാ അക്കൗണ്ടുകളിൽ എത്തിയില്ല. എല്ലാം പോയത് ആരോപണ വിധേയയുടെ അക്കൗണ്ടിലായിരുന്നു.
കുടുംബശ്രീകളിൽ നിന്നും ഇത്തരത്തിൽ പലരെക്കൊണ്ടും 50,000 വീതം വായ്പ എടുപ്പിച്ച് ഈ തുകയും കൈക്കലാക്കി. ഒരാളുടെ പേരിൽ തന്നെ പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തും പണം തട്ടിയിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനം സൗജന്യമായി നൽകുന്ന വീട് അനുവദിക്കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപയാണ് ഒരാളെ കൊണ്ട് വായ്പ എടുപ്പിച്ച് കൈക്കലാക്കിയത്.
മുണ്ടക്കണ്ണിയിൽ വിജയലക്ഷ്മിക്ക് ഉണ്ടായിരുന്ന വീട് സ്ഥലവും വിൽപന നടത്തി ഇവർ വിദേശത്തേക്ക് കടന്നുവെന്നാണ് പരാതികളിൽ പറയുന്നത്. വായ്പ കുടിശ്ശികയായതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. പരാതിക്കാ൪ ആരോപണം ഉന്നയിക്കുന്ന വിജയലക്ഷ്മി നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam