
സുല്‍ത്താന്‍ബത്തേരി: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബ്രഹ്മഹഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ നടന്ന അഴിമതി പുതിയ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് തീപന്തങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തി. എട്ടമണിയോടെ നഗരത്തില്‍ പെയ്ത മഴ അവഗണിച്ചായിരുന്നു വരാനിരിക്കുന്ന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ചുള്ള സമരം.
ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്ക് നേതൃത്വം നല്‍കുന്നത് സിപിഎം ആണെന്നിരിക്കെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ കൊടിയ അഴിമതി അന്വേഷിക്കണമെന്ന ആവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്നതെന്നും ബ്രഹ്മഗിരിയുടെ പേരില്‍ സിപിഎം നേതാക്കള്‍ ഓഹരിയുടമകളുടെ പണം കൈക്കലാക്കിയതടക്കമുള്ള വിഷയങ്ങളില്‍ സമഗ്ര അന്വേഷണം ഉണ്ടാകുന്നത് വരെ തുടര്‍ സമരങ്ങളുണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ല അധ്യക്ഷന്‍ അമല്‍ജോയ് പറഞ്ഞു.
മലബാര്‍ മീറ്റ് ഫാക്ടറി അടക്കം ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികള്‍ക്കായി 600 നിക്ഷേപകരില്‍ നിന്നായി 100 കോടി രൂപയിലധികം സമാഹരിച്ചിരുന്നു. പക്ഷേ കുറച്ചു വര്‍ഷങ്ങളായി നിക്ഷേപകര്‍ക്ക് പലിശയോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കുന്നില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും.
കേരള ചിക്കന്‍ പദ്ധതിയില്‍ പങ്കാളികളായ നൂറോളം കര്‍ഷകര്‍ക്ക് നല്‍കാനുള്ള 3.5 കോടിയിലധികം രൂപയും കുടിശ്ശികയാണ്. ജീവനക്കാര്‍ക്ക് മാസങ്ങളോളം ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായിരുന്നു. അതേസമയം പണം നഷ്ടപ്പെട്ടവരില്‍ പരസ്യമായി പരാതി ഉന്നയിച്ചവരുമായി ചര്‍ച്ച നടത്തുന്ന അധികാരികള്‍ ചില പരാതികളെല്ലാം പണം നല്‍കി ഒതുക്കുന്നതായി അമല്‍ജോയ് ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam