
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, ആര്‍ സി സി, വിമന്‍സ് ഹോസ്റ്റല്‍, എസ് എ ടി ആശുപത്രി പരിസരം, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷം.
അത്യാഹിതവിഭാഗത്തിനുസമീപവും രാത്രിയായാൽ ഇത് തന്നെ ആണ് അവസ്ഥ. തിരക്കുള്ള സമയങ്ങളിൽ ആശുപത്രി കാമ്പസിനുള്ളില്‍ വിവിധയിടങ്ങളിലായി ചുറ്റിത്തിരിയുന്ന നായ്ക്കള്‍ രാത്രി ആയാൽ കൂട്ടമായി എത്തി കടിപിടി കൂടുന്നതും അക്രമാസക്തമാകുന്നതും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു.
രാത്രിയില്‍ മരുന്നുവാങ്ങാന്‍ ഫാര്‍മസികളില്‍ പോകുന്നവര്‍ക്കും ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണി ആകുകയാണ്. കാമ്പസിനുള്ളിലെ വിവിധയിടങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തേടിയാണ് താവളമുറപ്പിച്ചിരിക്കുന്നത്. എസ് എ ടി ആശുപത്രി പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂടാതെ ശിശുരോഗ വിഭാഗം ഒപിക്ക് സമീപവും പകല്‍സമയങ്ങളില്‍പോലും നായ്ക്കളുടെ കടന്നുകയറ്റത്തിലൂടെ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ശല്യമാകുന്നതായി പറയുന്നു. ഈ ഭാഗത്ത് അടുത്തിടെ നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുകയുണ്ടായി എന്ന ആരോപണം ഉണ്ട്.
അതേസമയം, കൊച്ചിയിൽ വിവിധയിടങ്ങലിൽ തെരുവുനായയുടെ ആക്രമണത്തില്‍ പൊറുതിമുട്ട് നാട്. മലയാറ്റൂരില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇടക്കൊച്ചിയിലും ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെയും വൈകിട്ടുമായാണ് രണ്ടിടങ്ങളിലും തെരുവുനായയകളുടെ ആക്രമണം ഉണ്ടായത്. ഇടക്കൊച്ചിയില്‍ തെരുവുനായയുടെ ആക്രണത്തില്‍ പരിക്കേറ്റ ആറുപേരില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ശുചീകരണ തൊഴിലാളി ടോമി, പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിത്യന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വഴിയാത്രക്കാരെയാണ് തെരുവുനായ് കൂട്ടമായി ആക്രമിച്ചത്. ആറുപേരെയും ആക്രമിച്ചത് ഒരെ നായയാണ്. സംഭവത്തെതുടര്‍ന്ന് നഗരസഭ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി ആക്രമണം നടത്തിയ തെരുവുനായയെ പിടികൂടി. എറണാകുളം കാലടി മലയാറ്റൂരിൽ അഞ്ചുവയസുകാരനുനേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. വീട്ടുമുറത്ത് കളിച്ച് കൊണ്ടിരിക്കുന്നതിടെയാണ് മലയാറ്റൂർ സ്വദേശി ജോസഫിനെ തെരുവുനായ കടിച്ചത്. കവിളത്തും ശരീരത്തിലും കുഞ്ഞിന് പരിക്കുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ജോസഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam