
കൊച്ചി: പാലക്കാട് ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് സ്ഥിരീകരണം. കാട്ടാനയ്ക്ക് വലതുകണ്ണിന് കാഴ്ചയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സ്ഥിരീകരിച്ചു. പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചശക്തിയുണ്ടായിരുന്നില്ല. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ വിലയിരുത്തൽ. ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടു കൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ (പിടി 7). ധോണി എന്നാണ് ഇതിന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്.
ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഈ ആന. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7.
അതേസമയം, പിടി 7-ന്റെ ശരീരത്തിൽ പെല്ലറ്റ് കൊണ്ട് പാടുകളില്ലെന്നാണ് വനംവകുപ്പ് നൽകിയ വിവരവകാശ രേഖയിലെ വിവരം. കാഴ്ച നഷ്ടപ്പെട്ടത് എയർഗൺ പെല്ലെറ്റ് കൊണ്ടാകാമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഏപ്രിലിൽ വനം വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇക്കാര്യമാണ് വനംവകുപ്പ് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയെ അറിയിച്ചത്. എന്നാൽ വനം വകുപ്പിൻ്റെ നിലപാടിൽ ദുരൂഹതയുണ്ടെന്നാണ് ആന പ്രേമി സംഘം ആരോപിക്കുന്നത്. ചട്ടം പഠിപ്പിക്കുന്നതിനിടെ PT 7 ന് കാഴ്ച പോയിരിക്കാമെന്നാണ് ആനപ്രേമികളുടെ ആരോപണം.