മൂന്നാര്‍ പഞ്ചായത്ത് ഭരണം പോയി; കൂറുമാറിയവര്‍ക്കെതിരെ കോണ്‍ഗ്രസിന്‍റെ ശവമഞ്ചവും, സംസ്‌കാരവും

By Web TeamFirst Published Dec 12, 2021, 5:14 PM IST
Highlights

ഹൈറേഞ്ച് ക്ലബ്ബ് റോഡിലെ രാജേന്ദ്രന്റെ വീടിനു മുന്‍പില്‍ നിന്നാരംഭിച്ച് ശവമഞ്ചം വിലപയാത്രയായി ടൗണ്‍ വഴി പഴയ മൂന്നാറിലെത്തിയാണ് പ്രതീകാത്മക ശവമഞ്ചം സംസ്‌കരിച്ചത്. 

മൂന്നാര്‍: മൂന്നാറില്‍ പഞ്ചായത്തംഗം  (Munnar Panchayat) കൂറുമാറിയതില്‍ പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ശവമഞ്ചവുമായി വിലാപയാത്രയും സംസ്‌കാരവും നടത്തി. കോണ്‍ഗ്രസ് അംഗമായ എം.രാജേന്ദ്രന്‍ മൂന്നാര്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ ഇടതുപക്ഷത്തിനൊപ്പം (LDF) ചേര്‍ന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഹൈറേഞ്ച് ക്ലബ്ബ് റോഡിലെ രാജേന്ദ്രന്റെ വീടിനു മുന്‍പില്‍ നിന്നാരംഭിച്ച് ശവമഞ്ചം വിലപയാത്രയായി ടൗണ്‍ വഴി പഴയ മൂന്നാറിലെത്തിയാണ് പ്രതീകാത്മക ശവമഞ്ചം സംസ്‌കരിച്ചത്. പതിനൊന്നാം വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേത്രത്വത്തിലായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മൂന്നാര്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ പഴയമൂന്നാര്‍ വാര്‍ഡ് അംഗം രാജേന്ദ്രനാണ് ചരട് വലിച്ചതെന്നാണ് യുഡിഎഫ് കണ്ടെത്തല്‍. 

നടയാര്‍ വാര്‍ഡ് അംഗം പ്രവീണ ഇടതിലേക്ക് മറുകണ്ടം ചാടിയതും രാജേന്ദ്രന്റെ സമ്മര്‍ദ്ദം മൂലമെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതോടെയാണ് അദ്ദേഹം ജോലിചെയ്യുന്ന കമ്പനിയുടെ വര്‍ഷോപ്പിലേക്കും ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്കും വ്യത്യസ്തമായ സമരങ്ങള്‍ മുന്‍ എംഎല്‍എ എകെ മണിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. കൈപ്പത്തില്‍ നിന്ന് മത്സരിച്ച രാജേന്ദ്രന്‍ രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കോണ്‍ഗ്രസ് പ്രദേശിക നേതാക്കളുടെ വാദം.

അതേ സമയം കഴിഞ്ഞ ദിവസം മൂന്നാര്‍ ഗ്രാമപഞ്ചായത്തിൽ വൈസ്പ്രസിഡന്റിനെതിരെ എൽഡിഎഫ്  കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. വിപ്പ് ലംഘിച്ച് രണ്ട് കോൺഗ്രസ് അംഗങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. വോട്ടെടുപ്പിന് നിമിഷങ്ങൾക്ക് മുമ്പ് രാജി വച്ചതിനാൽ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്തില്ല

അത്യന്തം നാടകീയമായിരുന്നു മൂന്നാര്‍ പഞ്ചായത്തിലെ ഓരോ നീക്കങ്ങളും. കോണ്‍ഗ്രസ് അംഗങ്ങളായ പ്രവീണയും രാജേന്ദ്രനും കൂറുമാറി എൽഡിഎഫിനൊപ്പം ചേര്‍ന്നപ്പോൾ യു‍ഡിഎഫിന് നഷ്ടമായത് ഒന്നരപതിറ്റാണ്ടായി ഒപ്പം നിൽക്കുന്ന പഞ്ചായത്ത്. രണ്ട് ദിവസമായി അജ്ഞാത കേന്ദ്രത്തിലായിരുന്ന പ്രവീണയും രാജേന്ദ്രനും വോട്ടെടുപ്പിനായി എത്തിയപ്പോൾ കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിലെത്തി. ഒടുവിൽ ലാത്തി വീശിയാണ് പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചത്.

അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് മണിമൊഴി രാജിച്ചു. ഇതോടെ പ്രസി‍ഡന്റിനെതിരായ അവിശ്വാസപ്രമേയത്തിൻമേലുള്ള ചര്‍ച്ച ഉപേക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്ററിനെതിരായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നതോടെ എതിരില്ലാത്ത 12 വോട്ടിന് പ്രമേയം പാസായി.

വികസനമുരടിപ്പിൽ നിന്ന് പഞ്ചായത്തിനെ മോചിപ്പിക്കാനാണ് എല്ലാം ചെയ്തതെന്നാണ് എൽഡിഎഫിന്റെ വിശദീകരണം. പ്രവീണയ്ക്ക് പ്രസിഡന്റ് സ്ഥാനവും രാജേന്ദ്രന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ സ്ഥാനവും എൽ‍ഡിഎഫ് വാഗ്ദാനം ചെയ്തതായാണ് വിവരം.

click me!