
കായംകുളം: കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ പൊതുയോഗത്തിനിടെയുണ്ടായ സംഘർഷത്തില്‍ കോൺഗ്രസ് നേതാവും ബിജെപി നേതാവുമുൾടെ മൂന്നു പേർക്ക് പരിക്ക്. കാപ്പിൽ സർവ്വീസ് സഹകരണ ബാങ്കിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ കൃഷ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ചിറപ്പുറത്തു മുരളി, ബിജെപി പഞ്ചായത്തു കമ്മിറ്റി പ്രസിഡൻറും ഗ്രാമ പഞ്ചായത്തംഗവുമായ പാറയിൽ രാധാകൃഷ്ണൻ, ബാലചന്ദ്രൻ പിള്ള എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊതുയോഗത്തിൽ ആഡിറ്റിംഗ് സംബന്ധമായ വിഷയത്തെ പറ്റി ചിറപ്പുറത്തു മുരളി സംസാരിക്കുന്നതിനിടെയാണ് വാക്കുതർക്കവും സംഘർഷവും ഉണ്ടായത്. ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റത്തിനിടെ തന്നെ കമ്പി വടികൊണ്ടു് തലക്കടിക്കുകയായിരുന്നു എന്നു് മുരളി പറഞ്ഞു. ഇതിനിടെയാണ് പാറയിൽ രാധാകൃഷ്ണനും ബാലചന്ദ്രനും മർദ്ദനമേറ്റത്.
സംഘർഷം രൂക്ഷമായതോടെ പൊലീസ് എത്തി രംഗം ശാന്തമാക്കി. മുരളി മുൻ ഡയറക്ടർ ബോർഡ് മെമ്പറായിരുന്നു. അടുത്തിടെ നടന്ന ബാങ്ക് തെരെഞ്ഞെടുപ്പിൽ മുരളിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാനലിൽ തന്നെ മത്സരിച്ചിരുന്നുവെങ്കിലും ഇവർ പരാജയപ്പെട്ടിരുന്നു. അന്നു മുതൽ ഇവിടെ കോൺഗ്രസിൽ രൂക്ഷമായ ചേരിപ്പോര് നടന്നു വരികയാണു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam