
തിരുവനന്തപുരം: മാതാപിതാക്കള്‍ നഷ്ടമായ ആറാം ക്ലാസുകാരിക്ക് വീട് വച്ചുനൽകി കോണ്‍ഗ്രസ് കെയര്‍ ഹാൻഡ്. അശ്വതിക്ക് രണ്ടര വയസുള്ളപ്പോഴാണ് ക്യാന്‍സർ ബാധിച്ച് അമ്മ മരണപ്പെടുന്നത്. പിന്നാലെ പിതാവ് മകളെ ഉപേക്ഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അമ്മൂമ്മ വത്സലയ്ക്കും അപ്പൂപ്പന്‍ തങ്കരാജയ്ക്കുമൊപ്പമാണ് അശ്വതി കഴിഞ്ഞിരുന്നത്. ക്യാൻസർ ബാധിതയായ അമ്മൂമ്മയും നിലവിൽ ചികിത്സയിലാണുള്ളത്. മഹിളാ കോണ്‍ഗ്രസ് നേതാവ് എല്‍.അനിതയുടെ നേതൃത്വത്തിലായിരുന്നു കുട്ടിയുടെ സംരക്ഷണം.
കുട്ടിക്ക് തിരുവനന്തപുരത്തെ മലയിന്‍കീഴ് കോട്ടമ്പൂരിലാണ് വീട് വച്ച് നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് മലയിന്‍കീഴ് ജംങ്ഷനില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീടിന്റെ താക്കോല്‍ കൈമാറി. ചടങ്ങിൽ അർഹരായവർക്ക് കോൺഗ്രസ് പ്രവർത്തകർ സഹായം എത്തിക്കണമെന്നും ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ഭിക്ഷയെടുക്കേണ്ടിവന്ന മറിയക്കുട്ടിയ്ക്ക് കെപിസിസി രണ്ട് മാസത്തിനുള്ളിൽ വീട് നിർമ്മിച്ച് നൽകുമെന്നും കെ സുധാകരന്‍ വിശദമാക്കി. കെയര്‍ഹാന്റ് ചെയര്‍മാന്‍ ആര്‍വി.രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, കെ.എസ്.ശബരീനാഥന്‍, ബി.ആര്‍.എം.ബഷീര്‍, ഡോ. ആരിഫാബീവി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എല്‍.അനിത, ക്യാന്‍സര്‍ രോഗചികിത്സാ വിദഗ്ധന്‍ ഡോ. ബോബന്‍ തോമസ്, ഡോ. എസ്.വി.അരുണ്‍ എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു. കോട്ടമ്പൂരില്‍ അശ്വതിയുടെ പേരിലുള്ള മൂന്നു സെന്റ് സ്ഥലത്തിനും വീടിനുമായി 12-ലക്ഷം രൂപ ചിലവായതായും കുട്ടിയുടെ പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam