പീഡനക്കേസില്‍ പ്രതിയായ മുന്‍ ഡിവെെഎഫ്ഐ നേതാവിന്‍റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍

By Web TeamFirst Published Feb 22, 2019, 11:12 AM IST
Highlights

സെപ്റ്റംബറിലാണ് എംഎൽഎ ഹോസ്റ്റലിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് വനിതാ പ്രവർത്തക പരാതിയുന്നയിച്ചത്. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതി പൊലീസിന് കൈമാറുകയായിരുന്നു. 

തൃശൂർ: വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിയായ ഡിവൈഎഫ്ഐ മുൻ നേതാവിന്‍റെ പുസ്തകം പ്രകാശനം ചെയ്യുന്നത്  കോൺഗ്രസ് സഹയാത്രികനായ നിരൂപകനും അധ്യക്ഷനാവുന്നത് കോൺഗ്രസ് നേതാവും.  24ന് ഇരിങ്ങാലക്കുടയിലാണ് പുസ്തക പ്രകാശന ചടങ്ങ്.

ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട മുൻ ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി ആർ എൽ ജീവൻലാലിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത്. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പുസ്തക പ്രകാശനവും, ഡിസിസി ജനറൽ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ എം എസ് അനിൽകുമാർ ചടങ്ങില്‍ അധ്യക്ഷനുമാണ്. ചടങ്ങ് വിശദീകരിക്കുന്ന നോട്ടീസിൽ മൂന്ന് പേരുടെയും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് എംഎൽഎ ഹോസ്റ്റലിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് വനിതാ പ്രവർത്തക ജീവന്‍ലാലിനെതിരെ  പരാതിയുന്നയിച്ചത്. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതി പൊലീസിന് കൈമാറുകയായിരുന്നു.

ആരോപണമുയർന്നതോടെ ജീവൻലാലിനെ പാർട്ടിയിൽ നിന്നും ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കിയിരുന്നു. വിഷയം രാഷ്ട്രീയമായി കോൺഗ്രസും, ബിജെപിയും ഏറ്റെടുക്കുകയും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഷയങ്ങളുൾപ്പെടെ ആയുധമാക്കിയെടുക്കുന്നതിനിടെയാണ് ഡിസിസി ജനറൽ സെക്രട്ടറിയടക്കം പങ്കെടുക്കുന്ന പീഡനക്കേസിലെ പ്രതിയുടെ പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നത്.

സംഘടനാപ്രവർത്തകന്‍റെ ജീവിതവഴികളെക്കുറിച്ച് ‘അയാൾ’ എന്ന് പേരിട്ടിട്ടുള്ള നോവലാണ് ജീവൻലാൽ തയ്യാറാക്കിയിട്ടുള്ളത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ജനമഹായാത്രക്ക് ഇരിങ്ങാലക്കുടയിൽ നൽകിയ സ്വീകരണത്തിൽ വനിതാ നേതാവിന് നേരിട്ട അനുഭവം വിശദീകരിച്ചാണ് സിപിഎമ്മിനെതിരെ‍യുള്ള വിമർശനം നടത്തിയത്.

ഇതിനിടയിലാണ് കോൺഗ്രസ് നേതാവ് തന്നെ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുന്നത്. ഇതിനിടെ നോട്ടീസ് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിൽ ഹൈകോടതിയുടെ മുൻകൂർ ജാമ്യത്തിലാണ് ഇപ്പോൾ ജീവൻലാൽ. 24ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ വൈകിട്ട് നാലിനാണ് പുസ്തക പ്രകാശന ചടങ്ങ്.

click me!