
തൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ ഇടതുമുന്നണി അവകാശപ്പെടുന്ന ഇന്നസെന്‍റ് എംപിയുടെ 1750 കോടിയുടെ വികസന പദ്ധതികള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഇടതുമുന്നണി ഒളിച്ചോടുകയാണെന്ന് യുഡിഎഫ് എംഎല്‍എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രന്‍ എന്നിവര്‍. 1750 കോടിയുടെ കണക്ക് ചോദിക്കുമ്പോള്‍ 25 കോടിയുടെ എം പി ഫണ്ടിന്‍റെ കണക്ക് പറഞ്ഞു രക്ഷപ്പെടാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇന്നസെന്‍റ് എംപി പുറത്തിറക്കിയ വികസന രേഖയിലെ പദ്ധതികളെല്ലാം വ്യാജവും നടപ്പാക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും തെളിവുകളും സഹിതം എംഎല്‍എമാര്‍ വാര്‍ത്താ സമ്മേളനം നടത്തി. ഇന്നലെ ഇതിന് മറുപടി പറഞ്ഞ ഇടത് നേതാക്കള്‍ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്നാണ് ആരോപണം.
ഏതെങ്കിലും പദ്ധതികള്‍ അവകാശപ്പെടും പോലെ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ചിത്രം സഹിതം പ്രസിദ്ധീകരിക്കാന്‍ ഇടത് മുന്നണി തയാറാകണം. എംഎല്‍എമാരുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും പദ്ധതികള്‍ സ്വന്തം നേട്ടമായി അവകാശപ്പെടുന്നത് അല്പത്തരമാണ്. ഇടതുമുന്നണി അവകാശപ്പെടുന്ന ഒരു പദ്ധതിയുടെയും കാര്യത്തില്‍ വ്യക്തതയില്ല.
നിവേദനം കൊടുത്തതിനുവരെ പദ്ധതി നടപ്പായിയെന്ന അവകാശവാദമാണ് എം പി ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉറപ്പ് കിട്ടിയെന്നൊക്കെ പറഞ്ഞ് ഇടത് നേതാക്കള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് റോജി എം ജോണ്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞു. ഇനി തുടരുമോയെന്ന് പോലും ഉറപ്പില്ലാത്ത ഒരു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കിയെന്ന് പറഞ്ഞു അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും എംഎല്‍എമാര്‍ പറഞ്ഞു.
ചാലക്കുടിയില്‍ നടപ്പാക്കിയെന്നവകാശപ്പെടുന്ന 1750 കോടിയുടെ വികസന പദ്ധതികളെ കുറിച്ച് പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്ന് യുഡിഎഫ് എംഎല്‍എമാര്‍ അറിയിച്ചു. അവകാശവാദത്തിലെ 800 കോടിയുടെ പദ്ധതികള്‍ യുഡിഎഫ് അംഗീകരിച്ചെന്ന് പറഞ്ഞ് ഒളിച്ചോടാനാണ് ഇടതുമുന്നണിയുടെ ശ്രമം. ഗ്രാമ പഞ്ചായത്തുകള്‍ നടപ്പാക്കിയ പദ്ധതികള്‍ പോലും സ്വന്തം പേരിലാക്കി ജനങ്ങളെ കബളിപ്പിക്കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ചേരുന്നതല്ല.
എംപി അവകാശപ്പെടുന്ന എണ്ണൂറ് കോടിയുടെ പദ്ധതിയില്‍ പതിനാറ് കോടി മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. മാത്രമല്ല ഇത് ഒരു മണ്ഡലത്തിലേക്ക് മാത്രമുള്ള പദ്ധതിയുമല്ല. പിടിച്ച് നില്ക്കാന്‍ വേണ്ടി ഇടതു നേതാക്കള്‍ പറയുന്ന നുണകളെല്ലാം ദയനീയമായി പൊളിയുകയാണെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. കൃത്യമായ രേഖകളും ചിത്രങ്ങളും അടക്കം വ്യക്തമായ ആരോപണങ്ങളാണ് എംഎല്‍എമാര്‍ ഉന്നയിച്ചത്.
എന്നാല്‍ സാധാരണക്കാര്‍ക്ക് മനസിലാകാത്ത ചില വെബ്‌സൈറ്റ് ഫോട്ടോ കോപ്പികളുമായി വന്ന് എംപി ഫണ്ടിനെ കുറിച്ച് മാത്രമാണ് ഇടതു നേതാക്കള്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത്. ആരംഭിച്ചിട്ടുപോലുമില്ലാത്ത പദ്ധതികളും ഭരണാനുമതിപോലും ലഭിക്കാത്ത പദ്ധതികളും സ്വന്തം നേട്ടമായി ഉയര്‍ത്തി കാട്ടുന്ന എംപി, യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ തയാറാകണം. ആര്‍ക്കും ബോധ്യപ്പെടാത്ത വികസന പദ്ധതികളുമായി ന്യായീകരിക്കാന്‍ ശ്രമിക്കാതെ പരസ്യ സംവാദത്തിന് എം പിയും നേതാക്കളും തയാറാകണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam