
മൂന്നാര്‍: എല്‍ഡിഎഫിലേക്ക് (LDF) കൂറുമാറിയ പഞ്ചായത്ത് അംഗം രാജേന്ദ്രനെ ജോലി ചെയ്യാന്‍ അനുവധിക്കാതെ കോണ്‍ഗ്രസ് (Congress) പ്രവര്‍ത്തകര്‍. രാജേന്ദ്രന്‍ ജോലിചെയ്യുന്ന പഴയമൂന്നാര്‍ ടാറ്റാ കമ്പനിയുടെ മുമ്പില്‍ മുന്‍ എംഎല്‍എ എകെ മണിയുടെ നേത്യത്വത്തില്‍ പ്രതിഷേധം ശക്തമാക്കി. ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ രാജേന്ദ്രനെ സുരക്ഷിത സ്ഥലത്തേക്ക് പൊലീസ് മാറ്റി. 15 വര്‍ഷമായി മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഭരണം നഷ്ടമായതോടെ മറുകണ്ടം ചാടിയ അംഗങ്ങളെ കടന്നാക്രമിക്കാന്‍ തുടങ്ങിയിരിക്കുകയാണ് പാര്‍ട്ടി. ഇതിന്റെ ഭാഗമായി കൂറുമാറിയ നടയാര്‍ വാര്‍ഡ് അംഗം പ്രവീണയുടെ ഭര്‍ത്താവ് രവിയെ യാതൊരു കാരണവും കൂടാതെ അധിക്യതര്‍ താല്‍ക്കാലിക ജോലിയില്‍ നിന്നും പുറത്താക്കി. പഴയ മൂന്നാര്‍ വാര്‍ഡ് അംഗം രാജേന്ദ്രന്‍ ജോലി ചെയ്യുന്ന ടാറ്റാ കമ്പനിക്ക് മുമ്പില്‍ ശനിയാഴ്ച പ്രതിഷേധ ധര്‍ണയും മുന്‍ എംഎല്‍എ എകെ മണിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ചു.
പാര്‍ട്ടി ചിഹ്നത്തില്‍ നിന്നും രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. പൊലീസ് സ്ഥലത്തെത്തി നേതാക്കളുമായി അനുരജ്ഞന ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒഴിഞ്ഞുപോകാന്‍ തയ്യറാകാതെ വന്നതോടെ രാജേന്ദ്രനെ ജോലി സ്ഥലത്തുനിന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഇതോടെ പ്രവര്‍ത്തകരും പിരിഞ്ഞുപോയി. എന്നാല്‍ അടുത്ത ദിവസങ്ങളിലും കൂറുമാറിയ രണ്ട് അംഗങ്ങളുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കളും പ്രവര്‍ത്തകരും ഭീഷണി മുഴക്കി. അവിശ്വാസ പ്രമേയ ദിവസം വോട്ട് രേഖപ്പെടുത്തുവാന്‍ എത്തിയ രാജേന്ദ്രന്‍, പ്രവീണ എന്നിവര്‍ക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പൊലീസ് സുരക്ഷാവലയം തീര്‍ത്താണ് ഇരുവരെയും പഞ്ചായത്ത് ഓഫീസില്‍ പ്രവേശിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam