ദീര്‍ഘ വീക്ഷണമില്ലാത്ത വികസനം; ദുരിതം സമ്മാനിച്ച് ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് വികസനം

By Web TeamFirst Published Oct 3, 2022, 1:20 PM IST
Highlights

 സ്റ്റേഷൻ മാസ്റ്റർ ഓഫീസും യാത്രക്കാരുടെ താൽക്കാലിക ഷെഡും അടുത്തയാഴ്ച പൊളിച്ച് മാറ്റുന്നതോടെ ജീവനക്കാരും യാത്രക്കാരും അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലാകും.

ഹരിപ്പാട്:  ദീര്‍ഘവീക്ഷണമില്ലാത്ത വികസനത്തിന്‍റെ പേരിൽ വെയിലും മഴയും ഏൽക്കാൻ വിധിക്കപ്പെട്ട ഹരിപ്പാട്ടെ ജനങ്ങളും കെഎസ്ആര്‍ടിസി ജീവനക്കാരും ഒടുവിൽ പെരുവഴിയിലേക്ക്. ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിന്‍റെ വികസനം സമ്മാനിച്ച ദുരിതം ദേശീയ പാത വികസനത്തോടെ ഇരട്ടിയാകും. ദേശീയപാത വികസനത്തിനായി നിശ്ചയിച്ച സ്ഥലത്തെ കെട്ടിട ഭാഗങ്ങൾ പൊളിച്ച് നീക്കണമെന്ന് ദേശീയ പാത അതോറിറ്റി അന്ത്യശാസനം നൽകിക്കഴിഞ്ഞു. ഇതോടെ യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള താൽക്കാലിക സംവിധാനങ്ങൾ കൂടി നഷ്ടമാകുമെന്നതാണ് അവസ്ഥ. 

മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോ ആധുനീകരിക്കുന്നതിന്‍റെ  ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്. ഡിപ്പോയും വാണിജ്യ സമുച്ചയവും ഉൾക്കൊള്ളുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമാണ് വിഭാവനം ചെയ്തത്. എട്ട് വർഷം മുമ്പ് തുടങ്ങിയ നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. എന്നാല്‍, ഇതുവരെ പണിതിരിക്കുന്ന കെട്ടിടത്തിലാകട്ടെ അശാസ്ത്രീയതയാണ് മുഴച്ച് നില്‍ക്കുന്നത്. ദേശീയപാത വികസനം മുന്നിൽ കാണാതെയുള്ള നിർമാണം വികസനത്തിന്‍റെ ലക്ഷ്യത്തെ തന്നെ അട്ടിമറിച്ചു. 

ദേശീയപാതയ്ക്ക് വേണ്ടി കെട്ടിടം പൊളിച്ചു കഴിഞ്ഞാൽ ഒരു ബസ് പോലും നിർത്തിയിടാനുള്ള സൗകര്യം ഡിപ്പോയുടെ മുന്നിലോ വശങ്ങളിലോ ഉണ്ടാകില്ല. ബസുകൾ വന്നുപോകുന്നത് നിരീക്ഷിക്കേണ്ട സ്ഥാനത്താണ് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് സ്ഥാപിക്കേണ്ടതെങ്കിലും അതിനുള്ള സൗകര്യവും നിലവിലില്ല. വാണിജ്യ ആവശ്യങ്ങൾക്ക് മാത്രം ഉപകാരപ്പെടുന്ന തരത്തിലാണ് കെട്ടിടത്തിന്‍റെ നിർമ്മാണം. ബസുകള്‍ക്ക് കയറാനോ, കാത്ത് കിടക്കാനോ ഉള്ള സ്ഥല സൗകര്യമില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. 

നിലവില്‍ കാലിത്തൊഴുത്തിനെക്കാൾ പരിതാപകരമായ ഷെഡിലാണ് സ്റ്റേഷൻ മാസ്റ്ററുടെ  ഓഫീസ് പ്രവർത്തിക്കുന്നത്. ജീവനക്കാരെപ്പോലെ ദുരിതാവസ്ഥയിലാണ് ഈ ഡിപ്പോയെ ആശ്രയിക്കുന്ന യാത്രക്കാരും. മഴയും വെയിലും ഏൽക്കാതെ ബസ് കാത്തിരിക്കാൻ നല്ലൊരു കാത്തിരിപ്പ് സംവിധാനം പോലും ഇവിടെയില്ല. നവീകരണം തുടങ്ങിയപ്പോൾ താൽക്കാലികമായി നിർമിച്ച വെയിറ്റിങ് ഷെഡിന്‍റെ  മേൽക്കൂര തകർന്ന നിലയിലാണ്. കാലവർഷ സമയത്തെല്ലാം കടുത്ത ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്.  നിലവില്‍ ദേശീയപാതയുടെ പരിധിക്കുള്ളിലാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസും യാത്രക്കാരുടെ താൽക്കാലിക ഷെഡും ഉള്ളത്. അടുത്തയാഴ്ച ഇവ പൊളിച്ച് മാറ്റുന്നതോടെ ജീവനക്കാരും യാത്രക്കാരും അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലാകും.

click me!