ഫണ്ടില്ല; നൂല്‍പ്പുഴയില്‍ ആദിവാസികള്‍ക്കുള്ള ലൈഫ് വീടുകളുടെ നിര്‍മാണം മുടങ്ങി

By Web TeamFirst Published Apr 13, 2022, 7:41 PM IST
Highlights

2020-21 സാമ്പത്തികവര്‍ഷത്തെ ലൈഫ് ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഫണ്ട് ലഭിക്കാത്തതിനാല്‍ ഇതുവരെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

സുല്‍ത്താന്‍ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തില്‍ ലൈഫ് പദ്ധതിക്ക് (Life Project) കീഴില്‍ ആദിവാസികള്‍ക്കായി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണം ഫണ്ടില്ലാത്തതിന് തുടര്‍ന്ന് അനിശ്ചിതവസ്ഥയിലായി. കൃത്യമായ ആസൂത്രണത്തോടെയും സമയബന്ധിതമായും പ്രവൃത്തി തീര്‍ത്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറേണ്ട വീടുകളാണ് തറയിലും പാതിചുമരിലുമൊക്കെയായി വേനല്‍മഴയും വെയിലുമേറ്റ് കിടക്കുന്നത്. 2020-21 സാമ്പത്തികവര്‍ഷത്തെ ലൈഫ് ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഫണ്ട് ലഭിക്കാത്തതിനാല്‍ ഇതുവരെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ചിലര്‍ വീടുകളുടെ നിര്‍മാണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി പണത്തിനായി ഓഫീസുകളില്‍ പോയി നിരാശരായി മടങ്ങുകയാണ്. 275 പട്ടികവര്‍ഗ കുടുംബങ്ങളും 20 പട്ടികജാതി കുടുംബങ്ങളുമാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കള്‍. ഇവരില്‍ 105 പട്ടികവര്‍ഗ കുടുംബങ്ങളും അഞ്ച് പട്ടികജാതി കുടുംബങ്ങളും വീട് പണി പൂര്‍ത്തീകരിച്ചെങ്കിലും ആകെ മൂന്നു കുടുംബങ്ങള്‍ക്ക് മാത്രമാണ് മുഴുവന്‍ തുകയും കൈമാറാനായിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് തുക ലഭിക്കാത്തതിനാല്‍ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്. അഞ്ചുമാസമായിട്ടും തുക ലഭിക്കാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആറുലക്ഷം രൂപ, പട്ടികജാതി, ജനറല്‍ വിഭാഗങ്ങള്‍ക്ക് നാലുലക്ഷം എന്നിങ്ങനെയാണ് ലൈഫില്‍ വീട് നിര്‍മിക്കാനായി നല്‍കുന്നത്. എന്നാല്‍ ലൈഫ് പദ്ധതിയിലേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭ്യമാക്കുന്ന പ്ലാന്‍ഫണ്ടും, സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും, ട്രൈബല്‍ വകുപ്പില്‍നിന്നുള്ള വിഹിതവും മാസങ്ങള്‍ക്കുമുമ്പേ തീര്‍ന്നു. ഡിസംബറിന് ശേഷം ഫണ്ടുകളൊന്നും വന്നിട്ടില്ലെന്നാണ് വിവരം. ഹഡ്കോയില്‍നിന്നുള്ള വായ്പാ ഉപയോഗിച്ചാണ് ഗുണഭോക്താക്കള്‍ക്കുള്ള ബാക്കി തുക വിതരണംചെയ്യേണ്ടിയിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലേക്ക് കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (കെ.യു.ആര്‍.ഡി.എഫ്.സി.) മുഖേന ഹഡ്കോയില്‍നിന്നും വായ്പ ലഭ്യമാക്കിയിരുന്നു. ഈ തുക കെ.യു.ആര്‍.ഡി.എഫ്.സി. മുഖേന തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യാനുസരണം കൈമാറുകയാണ് ചെയ്യുക. ഇതിനായി തദ്ദേശസ്ഥാപനങ്ങളും കെ.യു.ആര്‍.ഡി.എഫ്.സി.യുമായി കരാറുണ്ടാക്കണം. മാര്‍ച്ച് 25-നുമുമ്പ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നൂല്‍പ്പുഴ പഞ്ചായത്തില്‍നിന്ന് രേഖകള്‍ അയക്കുന്നതില്‍ കാലതാമസമെടുത്തതും ഫണ്ടിന്റെ അപര്യാപ്തതക്ക് കാരണമായി.

അതേ സമയം വയനാട്ടില്‍ മഴ കനക്കും മുമ്പ് പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ഗുണഭോക്താക്കള്‍. നിര്‍മാണസാമഗ്രികള്‍ക്ക് വില ഉയരുന്നതും പ്രതികൂല കാലാവസ്ഥയും ആയാല്‍ ഇരട്ടിച്ചെലവായിരിക്കും ഉണ്ടാകുകയെന്ന് ഇവര്‍ പറയുന്നു.  വീട് നിര്‍മാണത്തിലെ ഓരോ ഘട്ടങ്ങളും പൂര്‍ത്തീകരിച്ചിട്ടും കൃത്യസമയത്ത് പണം ലഭിക്കാതായതോടെ കടക്കാരായി മാറിയിരിക്കുകയാണ് പലരും. സ്വന്തമായി ഉണ്ടായിരുന്ന കൂര പൊളിച്ച് വീട് പണി തുടങ്ങിയ പലരും വാടകവീട്ടിലും ബന്ധുവീടുകളിലുമൊക്കെയായി കഴിഞ്ഞുകൂടുകയാണ്. അതേ സമയം ഫണ്ടിനായി നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കിട്ടിയാല്‍ ഉടന്‍ വിതരണംചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സതീഷ് അറിയിച്ചു.

click me!