
കൊല്ലം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബിഹാർ സ്വദേശിയും കൊല്ലം തൃക്കണ്ണമംഗൽ വൈരമൺകാവ് അജിത്ത് നിലയത്തിൽ താമസവുമായ ജുവലിന്റെ ഭാര്യ ശൽമ(24)ക്കും നവജാത ശിശുവിനുമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ഷിജിൻ കെ.എൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദുദേവി എന്നിവർ രക്ഷകരായത്.
തിങ്കളാഴ്ച രാത്രി 9.45നാണ് സംഭവം. അടുക്കളയിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ട ശൽമ ഇവിടെ വെച്ച് തന്നെ ആൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഒപ്പമുണ്ടായിരുന്നവർ ഉടനെ സ്ഥലത്തെ ആശാ പ്രവർത്തകയെ വിവരം അറിയിച്ചു. ആശാ പ്രവർത്തകയാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്.
ഉടനടി കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറുകയായിരുന്നു. സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദുദേവി അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി.
തുടർന്ന് ആംബുലൻസ് പൈലറ്റ് ഷിജിൻ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത ആഴ്ച പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഇരിക്കെയാണ് സംഭവം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam