
മലപ്പുറം: ഓട്ടോമാറ്റിക് ക്ലോസറ്റ് പ്രവർത്തന രഹിതമായതിനെത്തുടർന്ന് ഉപഭോക്തൃ കമ്മീഷനിൽ നൽകിയ പരാതിയിന്മേൽ വിധി. ഓട്ടോമാറ്റിക് റിമോട്ട് കൺട്രോൾ ക്ലോസറ്റിന്റെ വില 2,65,100 രൂപയും നഷ്ടപരിഹാരമായി 1,50,000 രൂപയും നൽകാൻ കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. തിരൂർ തൃപ്രങ്ങോട് സ്വദേശി രാഘവൻ നായർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ശാരീരിക വിഷമതകൾ അനുഭവിക്കുന്ന മകനു വേണ്ടിയാണ് പരാതിക്കാരൻ റിമോട്ട് കൺട്രോൾ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ക്ലോസറ്റ് സ്ഥാപിച്ചത്.
വാങ്ങിയ ശേഷവും എല്ലാ തരത്തിലുള്ള സേവനവും കാലതാമസമില്ലാതെ ചെയ്തു നൽകുമെന്ന ഉറപ്പിലാണ് ക്ലോസറ്റ് വാങ്ങി സ്ഥാപിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ വാങ്ങി മൂന്നു മാസത്തിനുള്ളിൽ തന്നെ പ്രവർത്തനത്തിൽ തടസ്സം നേരിട്ടു. പരാതി നൽകിയതിനെ തുടർന്ന് നന്നാക്കി നൽകുകയും ചെയ്തു. എന്നാൽ പിന്നീടും പ്രവർത്തനത്തിൽ തടസ്സമുണ്ടായി. തുടർന്നു നൽകിയ പരാതി പ്രകാരം പരിശോധന നടന്നെങ്കിലും തകരാറ് പരിഹരിക്കാനായില്ല. കമ്പനിയെ വിവരം അറിയിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. തിരൂർ പോളിടെക്നിക്കിലെ വിദഗ്ധൻ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് ക്ലോസറ്റ് പരിശോധിക്കുകയും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുകയും ചെയ്തു.
മധ്യസ്ഥതയിൽ തീർപ്പുകൽപ്പിക്കുന്നതിന് കമ്പനി പ്രതിനിധികൾ ഹാജരാകാത്തതിനാൽ തെളിവുകൾ പരിശോധിച്ച് കമ്മീഷൻ വിധി പറയുകയായിരുന്നു. ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാൾക്ക് വേണ്ടി വലിയ വില നൽകി വാങ്ങിയ ഉപകരണം വേണ്ട വിധം പ്രവർത്തിക്കാതിരിക്കുകയും മതിയായ സേവനം നൽകാൻ കമ്പനിക്ക് കഴിയാതെ പോവുകയും ചെയ്ത സാഹചര്യത്തിൽ ഉല്പന്നത്തിന്റെ വിലയായ 2,65,100 രൂപ തിരിച്ചു നൽകി സ്വന്തം ചെലവിൽ ക്ലോസറ്റ് തിരിച്ചു കൊണ്ടുപോകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾക്കും മാനസിക പ്രയാസങ്ങൾക്കും 1,50,000/ രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 50,000 രൂപയും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
ചേലക്കര ജനറൽ ആശുപത്രിയിലെ അതിക്രമം; പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam