
മലപ്പുറം: ഘട്ടം ഘട്ടമായ പ്രവർത്തനങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പത്ത് വർഷം കൊണ്ട് ജില്ലയിലെ പ്രമേഹരോഗികളുടെ എണ്ണം 10 ശതമാനത്തിൽ താഴെയാക്കി മാറ്റുമെന്ന് ജില്ലാ കലക്ടർ വി ആർ വിനോദ്. ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ ക്യാംപയിനുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ടലുകളിൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്ന വിധത്തിൽ ഹെൽത്തി പ്ലേറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. പഞ്ചസാരയും കാർബോ ഹൈഡ്രേറ്റ്സും കുറവുള്ള പോഷകസമൃദ്ധമായ ഭക്ഷണം ഹോട്ടലുകളിൽ ലഭ്യമാക്കുക എന്നതാണ് ഹെൽത്തി പ്ലേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഒരു വ്യക്തിയുടെ സ്വന്തം തെരഞ്ഞെടുപ്പാണ്.
എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും അത് ലഭ്യമാക്കുന്നതിനുമാണ് ജില്ലാഭരണകൂടം മുൻകൈയെടുക്കുന്നത്. ഇതുവഴി പ്രമേഹം ഉൾപ്പെടെ ജീവിതശൈലീരോഗങ്ങളിൽ നിന്ന് പൂർണമായും മുക്തിനേടാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു. സർക്കാർ ജീവനക്കാർക്കിടയിൽ വ്യായാമം പ്രോത്സാഹിപ്പിക്കുമെന്നും ജീവനക്കാരിൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക പറഞ്ഞു.
ടെക്നിക്കൽ അസിസ്റ്റന്‍റ് വി വി ദിനേശ് ജീവിതശൈലീരോഗ നിയന്ത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കേണ്ട കർമപരിപാടികൾ അവതരിപ്പിച്ചു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ സംഘടനാപ്രതിനിധികൾ, സർവീസ് സംഘടനാഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam