പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞു വച്ചു; നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

Published : Jan 05, 2026, 08:44 PM IST
Hospital bed

Synopsis

ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ ഡിസ്ചാർജ് ചെയ്ത രോഗിയെ തടഞ്ഞുവെച്ച സ്വകാര്യ ആശുപത്രിയ്ക്കും ഇൻഷുറൻസ് കമ്പനിക്കും മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി. ചികിത്സാ ചെലവിന് പുറമെ 30,000 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. 

മലപ്പുറം: ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെയ്ക്കാനാവില്ലെന്നും ഇങ്ങനെ ചെയ്ത സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിയ്ക്ക് നഷ്ടപരിഹാരം നല്‍കണെമന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ചുങ്കത്തറ സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പരാതിക്കാരന്റേയും കുടുംബത്തിന്റെയും പേരില്‍ 2015 മുതല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരുന്നതാണ്. 2024 സെപ്റ്റംബര്‍ 18 ന് പരാതിക്കാരന്റെ മകന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാക്കി സര്‍ജറി നടത്തി.

2024 സെപ്റ്റംബര്‍ 19 ന് ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു. ചികിത്സയിലേക്ക് അഡ്വാന്‍സ് ആയി 11,000 രൂപ ഇന്‍ഷുറന്‍സ് അനുവദിച്ചെങ്കിലും ഡിസ്ചാര്‍ജ്ജ് ബില്‍ 66,500 രൂപക്ക് പകരം 41,800 രൂപ മാത്രമാണ് ഇന്‍ഷുറന്‍സ് തുക അനുവദിച്ചത്. കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും കടം വാങ്ങി ബില്ല് പൂര്‍ണ്ണമായും അടച്ച ശേഷം വൈകിട്ടാണ് ആശുപത്രി വിട്ടു പോകാന്‍ ഹരജിക്കാരനും മകനും കഴിഞ്ഞത്. പിന്നീട് അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇന്‍ഷൂറന്‍സ് കമ്പനി അനുവദിച്ചു. തുടര്‍ന്നാണ് മുഴുവന്‍ ചികിത്സാ ചെലവും അനുവദിക്കണമെന്നും ആശുപത്രി ബില്ല് അടക്കാന്‍ കഴിയാത്തതിനാല്‍ ഹോസ്പിറ്റലില്‍ കഴിയേണ്ടി വന്നതില്‍ ആശുപത്രിയുടയും ഇന്‍ഷ്യൂറന്‍സ് കമ്പനിയുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്നും ആരോപിച്ച് കമ്മീഷനില്‍ പരാതിപ്പെട്ടത്.

ആശുപത്രി രേഖകളില്‍ അഡ്മിഷന്റേയും ഡിസ്ചാര്‍ജ്ജിന്റേയും തീയതിക്കൊപ്പം സമയം കൂടി രേഖപ്പെടുത്താന്‍ ആശുപത്രികള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ ബില്ല് അടക്കാത്തതിന്റെ പേരില്‍ രോഗിയെ ആശുപത്രി വിട്ടു പോകാന്‍ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷന്‍ വിധിച്ചു. രോഗിയെ ചികിത്സക്കുശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതും ആശുപത്രി ബില്ല് അടക്കുന്നതും രണ്ട് നടപടികളാണെന്നും കമ്മീഷന്‍ വിധിച്ചു.

സര്‍ജ്ജറി കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും വൈകുന്നേരം വരെ ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്തതിനാല്‍ ആശുപത്രിയില്‍ കഴിയാനിട വന്ന സാഹചര്യത്തിൽ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തും ആശുപത്രിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കണ്ടെത്തി. മുഴുവന്‍ ചികിത്സാ ചെലവും, നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000 രൂപയുമാണ് കമ്മീഷന്‍ അനുവദിച്ചത്. 45 ദിവസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധി സംഖ്യക്ക് ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു, പാറക്കെട്ടിൽ പിടികിട്ടിയത് രക്ഷയായി
സ്കൂൾ ഗ്രൗണ്ടിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും; അന്വേഷണം ആരംഭിച്ച് പൊലീസ്