
മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കീഴിശ്ശേരി തവനൂര്‍ സ്വദേശി സി. നീതുവാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനെ സമീപിച്ചത്. ഫോണിന്റെ വിലയായ 69,900 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നല്‍കാനാണ് കമീഷന്‍ വിധിച്ചത്. 2024 ജൂണിലാണ് പരാതി സമര്‍പ്പിച്ചത്.
2023 നവംബറില്‍ മഞ്ചേരിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ നിന്ന് 69,900 രൂപക്കാണ് നീതു ഐ ഫോണ്‍ വാങ്ങിയത്. 2024 ജൂണില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ സന്ദേശം വന്നു. അപ്‌ഡേഷനുശേഷം ഡിസ്പ്ലേ പച്ചനിറത്തിലായി. മഞ്ചേരിയിലെ സ്ഥാപനം മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ ഫോണ്‍ എത്തിച്ചു. അവിടെ നിന്ന് സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ബെംഗളൂരുവിലെ സെന്ററിലേക്ക് അയച്ചു. ഒരുമാസത്തിനുശേഷം ഫോണ്‍ തിരിച്ചെത്തി. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ വീണ് തകരാറിലായതാണെന്നും ഫോണ്‍ മാറ്റി നല്‍കാനും റിപ്പയര്‍ ചെയ്തു നല്‍കാനും സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.
വാറന്റി കാലാവധിക്ക് മുന്നേ മൊബൈലില്‍ എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ മാറ്റിനല്‍കുമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പരാതിക്കാരി അഡ്വ. പി പ്രദീപ്കുമാര്‍ മുഖേന കോടതിയെ സമീപിച്ചത്. 45 ദിവസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം പരാതിക്കാരിക്ക് ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ മോഹന്‍ദാസന്‍ പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷനാണ് ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam