
തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത് ഉണ്ടാക്കിയ നാണക്കേട് തീരും മുമ്പ് ടൂറിസം വകുപ്പ് കൊട്ടി ഘോഷിച്ച് കൊകൊണ്ടുവന്ന ആക്കുളത്ത ഗ്ലാസ് ബ്രിഡ്ജിലും വിള്ളൽ വീണത് വലിയ നാണക്കേടിന് കാരണമായിരിക്കുകയാണ്. ഉദ്ഘാടനം പല തവണ മാറ്റിവച്ച്, ഒടുവിൽ തുറക്കാൻ തീരുമാനിച്ചതിന് തൊട്ടുമുമ്പ് ഗ്ലാസ് പാനലിൽ പൊട്ടൽ കണ്ടെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവയ്ക്കുകയാണ്. ഇടത് എംഎൽഎ വി.കെ.പ്രശാന്ത് നേതൃത്വം നൽകുന്ന വൈപ്പോസ് സൊസൈറ്റിക്കായിരുന്നു പാലത്തിന്‍റെ നിർമ്മാണ ചുമതല.
നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്നമെന്നും മുൻപരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നൽകിയെന്നുമാണ് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആരോപണം. അങ്ങനെ എങ്കിൽ ഇടത് എംഎൽഎക്ക് ചുമതലയുള്ള സ്ഥാപനത്തിന് നിർമ്മാണ ചുമതല കിട്ടിയതടക്കം സംശയനിഴലിലാകും. അതേസമയം, ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്കിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകർന്നതിൽ പങ്കുണ്ടെന്നാണ് വി.കെ.പ്രശാന്ത് എംഎൽഎയുടെ ആരോപണം.
ടൂറിസം വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്തെ ആദ്യ ഗ്സാസ് ബ്രിഡ്ജാണ് ആക്കുളത്തേത്. 52 അടി നീളവും 16 മീറ്റര്‍ ഉയരവും ഉള്ള നിര്‍മ്മിതി. പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍മാരുടെ പാനൽ അംഗീകരിച്ച പ്ലാനിൽ ഡിടിപിസിക്കായിരുന്നു ചുമതല. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വട്ടിയൂര്‍കാവ് യൂത്ത് എന്റര്‍പ്രണേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി അഥവ വൈപ്പോസ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനിരിക്കെയാണ് ചില്ലിൽ പൊട്ടലുണ്ടായത്. പാനലിന് ഒരു ടൺ തൂക്കം വരുന്ന മൂന്ന് പാളികളുപയോഗിച്ച് 36 മില്ലിമീറ്റര്‍ കനത്തിലാണ് നിര്‍മ്മാണം.
നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. വലിയ ചില്ലുപാലമായിട്ടും മുൻപരിചയം ഇല്ലാത്ത സ്ഥാപനത്തിന് കരാർ നൽകിയതിൽ നേരത്തെ ചില സംശയങ്ങൾ ഉയർ്നിരുന്നു. ഇടത് എംഎൽഎ തലപ്പത്തുള്ള സ്ഥാപനത്തെ തെരഞ്ഞെടുത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉറപ്പാണ്. പക്ഷെ ഗേജ് കൂടിയ ഗ്ലാസ് പൊട്ടിയതിന് പിന്നിൽ അസ്വാഭാവികത ഉണ്ടെന്നാണ് വൈപ്പോസിന്‍റെ പരാതി.
കണ്ണാടിപ്പാലത്തിന്‍റെ മധ്യഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധന നടത്തണമെന്ന നിലപാടിലാണ് പൊലീസ്. സംഭവത്തിൽ ദൂരൂഹതയാരോപിച്ച് നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കമ്പനിയാണ് പൊലീസിൽ പരാതി നൽകിയത്. ആരോ മനപൂര്‍വ്വം കേടുപാട് വരുത്തിയതാണെന്നാണ് നിര്‍മ്മാണ കമ്പനിയുടെ ആക്ഷേപം.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഗ്ലാസ് പൊട്ടിയത്. ഇതോടെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്‍ജിൽ കയറാനായി ഇനിയും കാത്തിരിക്കേണ്ടി വരുമോ എന്നാണ് ആശങ്ക. രണ്ട് തവണയാണ് ഗ്ലാസ് ബ്രിഡ്ജിന്‍റെ ഉദ്ഘാടനം മാറ്റിവയ്ക്കേണ്ടി വന്നത്. മാസങ്ങൾക്ക് മുൻപ് നിർമാണം പൂർത്തിയാക്കിയതാണ് വിനോദ സഞ്ചാര വകുപ്പിന് കീഴിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ്.
Read More : മകനെതിരെ കള്ളക്കേസെടുത്തെന്ന് 18 കാരന്‍റെ അമ്മയുടെ പരാതി; കട്ടപ്പന എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam