
ഇടുക്കി: ഇടുക്കിയിലെ കുമളി പഞ്ചായത്ത് വികസന പദ്ധതികൾക്കായി ഭൂമി വാങ്ങാനുപയോഗിച്ച 6.39 കോടി രൂപ സംസ്ഥാന ധനകാര്യ ഓഡിറ്റ് വിഭാഗം നിരാകരിച്ചു. തുക 20 പഞ്ചായത്ത് മെമ്പര്‍മാരിൽ നിന്നും സെക്രട്ടറിയിൽ നിന്നും ഈടാക്കണമെന്ന് ഓഡിറ്റ് വിഭാഗം നിർദ്ദേശിച്ചു. നിയമങ്ങൾ ലംഘിച്ച് മുറിച്ചു വിറ്റ തോട്ടം ഭൂമിയിൽ നിർമ്മാണം നടത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. എംഎംജെ പ്ലാൻറേഷൻറെ ചുരക്കുളം എസ്റ്റേറ്റിൽ നിന്നും അനധികൃതമായി മുറിച്ചു വിറ്റ അഞ്ചേക്കർ സ്ഥലമാണ് കുമളി പഞ്ചായത്ത് വാങ്ങിയത്.
തോട്ടഭൂമിയാണെന്നറിഞ്ഞു കൊണ്ട് സ്ഥലം വാങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചതാണ് പ്രധാന നിയമ ലംഘനം. 1963 ലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഉടമകള്‍ മുറിച്ചു വിറ്റഭൂമി സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് വാങ്ങിയത്. പഞ്ചായത്ത് വാങ്ങാൻ ഉദ്യേശിക്കുന്ന സ്ഥലം സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടണം. മുന്നാധാര പ്രകാരം തോട്ടഭൂമിയാണെന്ന് വ്യക്തമായിട്ടും സര്‍ക്കാരിന്റെയോ ജില്ലാ കളക്ടറുടെയോ അനുമതി വാങ്ങാതെ തിടുക്കത്തില്‍ സ്ഥലം വാങ്ങിയത് സുതാര്യത ഒഴിവാക്കാനാണെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
സെക്രട്ടറി വിവിധ വകുപ്പ് തലവന്മാരിൽ നിന്നും വ്യക്തമായ ഉത്തരവുകൾ സ്വീകരിക്കാതെയാണ് സ്ഥലം വാങ്ങാന്‍ നടപടികൾ സ്വീകരിച്ചത്. ഇത് സംബന്ധിച്ച് സെക്രട്ടറി നൽകിയ വിശദീകരണം ഓഡിറ്റ് വിഭാഗം തള്ളി. മിനി സ്‌റ്റേഡിയം, ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയ പദ്ധതികള്‍ക്കായി വാങ്ങിയ തോട്ടഭൂമി 45 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശമാണ്. അതിനാൽ ഈ പദ്ധതികള്‍ ഇവിടെ നടപ്പിലാക്കാനാകില്ല. ഭൂമിക്ക് വില നിശ്ചയിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും റിപ്പോർട്ടിലുണ്ട്. വേണ്ടത്ര പരസ്യം നൽകാതെ ക്വട്ടേഷൻ വാങ്ങിയത് അഴിമതി നടത്താനാണെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam