
മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനൊപ്പം അണിചേര്‍ന്ന സിപിഎം അംഗം ബാലചന്ദ്രന്റെ കോട്ടേജ് അജ്ഞാതര്‍ തല്ലിത്തകര്‍ത്തു. സിപിഎമ്മില്‍ നിന്നും കൂറുമാറിയതിന് പിന്നാലെയാണ് ബാലചന്ദ്രന്റെ കോട്ടേജ് അജ്ഞാതര്‍ തല്ലിതകര്‍ത്തത്. അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ബാലക്യഷ്ണന്‍ പോയതിന് പിന്നാലെയാണ് കോട്ടേജിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകർത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം അവിശ്വാസ ചര്‍ച്ചകള്‍ക്കായി ബാലചന്ദ്രന്‍ പഞ്ചായത്തില്‍ എത്തിയതോടെയാണ് വാഹനവുമായി എത്തിയ ചിലര്‍ കോട്ടേജിന്റെ ജനാല ചില്ലുകള്‍ തല്ലിതകര്‍ത്തത്.
സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബാലചന്ദ്രന്‍ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ടിരുന്നില്ല. നേതാക്കള്‍ അംഗത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിനിടെയാണ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ അംഗം കോണ്‍ഗ്രസിനൊപ്പം അണിചേര്‍ന്നത്.
എന്നാൽ ഈ ശ്രമവും ഫലം കണ്ടിരുന്നില്ല. പഞ്ചായത്ത് ഭരണം പിടിക്കാൻ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ നീക്കങ്ങള്‍ പരാജയത്തില്‍ അവസാനിക്കുകയായിരുന്നു. കൂറുമാറി കോണ്‍ഗ്രസിനൊപ്പം എത്തിയ സിപിഎം അംഗം വി ബാലചന്ദ്രന്റെ പേരില്‍ സെക്രട്ടറിക്ക് രാജിക്കത്ത് ലഭിച്ചതോടെ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗത്തിന് കഴിഞ്ഞില്ല. ഇതോടെ കോറം തികയാതെ അംഗങ്ങൾ പിരിഞ്ഞു പോവുകയായിരുന്നു.
രാവിലെ വന്‍ പൊലീസ് അകമ്പടിയോടെയാണ് കൂറുമാറിയ സിപിഎം അംഗം വി ബാലചന്ദ്രനടക്കം 11 പേരടയങ്ങുന്ന കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റ് പ്രവീണ രവികുമാറിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അംഗങ്ങള്‍ ഹാളില്‍ പ്രവേശിച്ചതോടെ റിട്ടേണിങ്ങ് ഓഫീസര്‍ ടോമി ജോസ് എത്തുകയും ചെയ്തു. അവിശ്വാസ പ്രമേയ ചര്‍കള്‍ നടക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ പഞ്ചായത്ത് അംഗത്വം രാജിവെച്ചതായി ബാലചന്ദ്രന്‍ തപാല്‍ മുഖേന നല്‍കിയ കത്ത് സെക്രട്ടറിക്ക് ലഭിക്കുകയായിരുന്നു. ഇതോടെ അവിശ്വാസ പ്രമേയ ചര്‍ച്ചകളില്‍ നിന്നും റിട്ടേണിങ്ങ് ഓഫീസര്‍ ബാലചന്ദ്രനെ ഒഴിവാക്കി. ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു.
എന്നാൽ താൻ അങ്ങനെയൊരു രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് വി ബാലചന്ദ്രന്‍ പറയുന്നു. എല്‍ഡിഎഫിന്റെ തെറ്റായ ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതും അവിശ്വാസ പ്രമേയ ചര്‍ച്ചകളില്‍ പങ്കെടുത്തും. താന്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചതായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ല. ലഭിച്ചിരിക്കുന്ന വ്യാജ കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുമെന്നും വി ബാലചന്ദ്രന്‍ പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam