
ആലപ്പുഴ: യുവാവിനെ ലഹരിപാനീയം നൽകി മയക്കി സ്വർണ്ണാഭരണങ്ങളും പണവും അപഹരിച്ച കേസിലെ ദമ്പതികൾ പിടിയിലായി. മാന്നാർ ചെങ്ങന്നൂർ, മുളക്കുഴ കാരയ്ക്കാട് തടത്തിൽ മേലേതിൽ രാഖി (31) ഭർത്താവ് പന്തളം, കുളനട, കുരമ്പാല മാവിള തെക്കേതിൽ രതീഷ് എസ് നായർ (36) എന്നിവർ ആണ് അറസ്റ്റിലായത്. ചേർത്തല തുറവുർ കുത്തിയതോട് കൊച്ചുതറയിൽ വിവേക് (26) നെയാണ് പറ്റിച്ച് അഞ്ചര പവൻ്റെ സ്വർണ്ണാഭരണങ്ങളും സ്മാർട്ട് ഫോണും അപഹരിച്ചത്.
ഇതു സംബന്ധിച്ച് പൊലീസ് പറയുന്നത്, ഇങ്ങനെ കഴിഞ്ഞ 17 ന് ദമ്പതികൾ ചെങ്ങന്നൂരിലെത്തി വെള്ളാവൂർ ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലും, ആശുപത്രി ജംഗ്ഷനിലുള്ള മറ്റൊരു ലോഡ്ജിലും മുറിയെടുത്തു. ഫേസ് ബുക്ക് മെസഞ്ചറിലൂടെയാണ് രാഖി വിവേകുമായി സൗഹൃദം സ്ഥാപിച്ചത്. കേവലം ഒന്നര മാസത്തെ സുഹൃത്ത് ബന്ധമേ ഇവർ തമ്മിലുളളു. ഇതിനായി ശാരദ ബാബു എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് രാഖി ഉപയോഗിച്ചത്.
രാഖി ഐ ടി ഉദ്യോഗസ്ഥയാണെന്നും സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നതാണെന്നും പറഞ്ഞാണ് സൗഹൃദത്തിൻ്റെ തുടക്കം.18-ന് രാഖിയുടെ സുഹൃത്തിൻ്റെ വിവാഹം ചെങ്ങന്നൂരിൽ ഉണ്ടെന്നും വിവേക് ഇവിടെ എത്തിയാൽ ഓർമ്മകൾ പുതുക്കാം എന്നും പറഞ്ഞാണ് അയാളെ ഇവിടേയ്ക്ക് ക്ഷണിച്ചു വരുത്തിയത്.
ഇതനുസരിച്ച് 18-ന് ചേർത്തലയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ചെങ്ങന്നൂരിലെ ലോഡ്ജിൽ ഉച്ചയോടെയാണ് വിവേക് എത്തിയത്. മൂന്നാം നിലയിലെ 9-ാം നമ്പർ മുറിയിലാണ് രാഖി ഇരയ്ക്കായി കാത്തിരുന്നത്. രാഖിയുടെ നിർദേശം അനുസരിച്ച് വരുന്ന വഴിക്ക് രണ്ട് കുപ്പി ബിയറും ഭക്ഷണ സാധനങ്ങളും വാങ്ങിയാണ് വിവേക് എത്തിയത്. സൗഹൃദ സംഭാഷണത്തിന് ശേഷം ഇയാൾ ശുചി മുറിയിൽ പോയി മടങ്ങി വന്നപ്പോൾ പൊട്ടിച്ച ഒരു കുപ്പി ബിയർ നീട്ടിക്കൊണ്ട് കുടിക്കാനായി ക്ഷണിച്ചു.
കുപ്പിയിൽ നിന്നും അസാമാന്യ രീതിയിൽ പത ഉയരുന്നത് കണ്ട് സംശയം തോന്നിയെങ്കിലും രാഖി അനുനയിപ്പിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു. ബിയർ കുടിച്ചതിനെത്തുടർന്ന് മയക്കത്തിലായ വിവേകിനെ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി രാത്രി 10 മണിയോടെ വിളിച്ചുണർത്തുകയായിരുന്നു. ഹോട്ടൽ ഉടമയുടെ നിർബന്ധപ്രകാരം ആണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. അന്നേ ദിവസം രാവിലെ മറ്റൊരു ഇരയെ വീഴ്ത്താൻ ഇവർ തന്ത്രം മെനഞ്ഞെങ്കിലും ഹോട്ടൽ ഉടമയുടെ വിദഗ്ധമായ നീക്കത്തെത്തുടർന്ന് സംഗതി പൊളിയുകയായിരുന്നു.
യുവാവിനെപ്പറ്റിച്ച ശേഷം ദമ്പതികൾ അവരുടെ കാറിൽ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു .അവിടെയാണിവർ വാടകയ്ക്ക് താമസിച്ചിക്കുന്നത്. അവിടെ അന്വേഷിച്ച് ചെന്നങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. രതീഷിൻ്റെ കാറിൻ്റെ നമ്പർ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ തെളിവുകളിലൂടെയും ഞായറാഴ്ച പുലർച്ചെയോടെ പളനിയിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.
ഈ സമയം ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. സ്വർണ്ണം കന്യാകുമാരിയിൽ വിറ്റിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ചിലവഴിക്കുന്നത്. ഓച്ചിറ എറണാകുളം, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ യുവാക്കളെപ്പറ്റിച്ച് സ്വർണ്ണാഭരണങ്ങളും വില കൂടിയ ഫോണും കൈക്കലാക്കിയിരുന്നു. ഈ പ്രകാരം തട്ടിപ്പിന് ഇരയായവരുടെ നിരവധി ഫോൺ കോളുകൾ പൊലീസിനു ലഭിച്ചു വരുന്നു. അവയെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam