ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14.93 കോടി രൂപയാണ് തട്ടിയെടുത്തത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്.
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ എൽഡി ക്ലർക്ക് സംഗീത് അറസ്റ്റിൽ. ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14.93 കോടി രൂപയാണ് തട്ടിയെടുത്തത്. സ്പെഷ്യൽ ഓഡിറ്റിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ സംഗീതിനെ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. ഇന്ന് കേസന്വേഷിക്കുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.
വ്യാജ രേഖകള്‍ ഉപയോഗിച്ചും ബോർഡിന്‍റെ കെടുകാര്യസ്ഥത മുതലാക്കിയുമാണ് ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ ക്ലർക്കായ സംഗീത് പണം തട്ടിയെടുത്തത്. ബോർഡിനുണ്ടായ ഗുരുതര വീഴ്ചയാണ് പണം നഷ്ടമാകാൻ കാരണമെന്ന് സ്പെഷ്യൽ ഓഡിറ്റിൽ പറയുന്നു. കേരള ലോട്ടറി വിൽക്കുന്ന ലക്ഷകണക്കിന് വരുന്ന ഏജൻ്റുമാരും വിൽപ്പനക്കാരും പ്രതിമാസം അടയ്ക്കുന്ന പണമാണ് തട്ടിയത്. ക്ഷേമ നിധി ബോർഡിനുണ്ടായ ഭരണപരമായ അനാസ്ഥ കാരണമാണ് ഒരു ജീവനക്കാരൻ കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിന് തുടർന്ന് 2013 മുതൽ 2020 വരെ നടത്തിയ സ്പെഷ്യൽ ഓഡിറ്റിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തു വന്നത്. ലോട്ടറി ഡയറക്ടറാണ് ബോർഡിന്‍റെ സിഇഒയായി പ്രവർത്തിക്കേണ്ടത്. എന്നാൽ, ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസഥരാരും അംശാദായം ബാങ്കിലേക്ക് അടയ്ക്കുന്ന കാര്യങ്ങളോ സർക്കാർ ഗ്രാൻ്റ് കൈകാര്യം ചെയ്യുന്ന കാര്യമോ മേൽനോട്ടം വഹിച്ചില്ല. ക്ലർക്കായ സംഗീതാണ് മുഴുവൻ പണവും കൈകാര്യം ചെയ്ത്. ബാങ്കുകളിൽ നിന്നും ജില്ലാ ഓഫീസുകളിൽ നിന്നും വന്ന പണം പല ഘട്ടങ്ങളിലായി സംഗീത് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്‍റെ അക്കൗണ്ടിലേക്കും മാറ്റികൊണ്ടിരുന്നു. ഓഡിറ്റുകള്‍ നടന്നപ്പോള്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്മെൻറുകളാണ് സംഗീത് സമർപ്പിച്ചത്.
ഒരു പൊതുമേഖല ബാങ്കിൽ ബോർഡിനുണ്ടായിരുന്ന അക്കൗണ്ടുകള്‍ നിർത്തലാക്കാനും പുതിയ ബാങ്കിൽ അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചിരുന്നു. ഉപേക്ഷിച്ച അക്കൗണ്ടിൽ നിന്നും പുതിയ അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള ചുമതലയുണ്ടായിരുന്ന ക്ലർക്ക് സംഗീത് ആ പണവും തട്ടിയെടുത്തിട്ടും ബോർഡ് അറിഞ്ഞില്ല. വർഷത്തിൽ നാല് പ്രാവശ്യം ബോർഡ് ചേർന്ന് സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെ വിലയിരുത്തണമെന്നാണ് ചട്ടം. എന്നാൽ, അത് പാലിക്കപ്പെട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും ക്യാഷ് ചെക്കുകള്‍ വ്യാജ ഒപ്പും സീലും പതിച്ച് സംഗീത് മാറിയെടുത്തു. ഒരു ക്ലർക്ക് നടത്തിയ ഈ തിരിമറി ബോർഡോ സിഇഒയോ അറിഞ്ഞില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ക്ലർക്കായ സംഗീത് നിലവില്‍ സസ്പെൻഷനിലാണ്. വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. സംഗീതിന് മാത്രമായി ഇത്രയും ക്രമക്കേട് നടത്താൻ കഴിയുമോയെന്നത് ദുരൂഹമായി തുടരുകയാണ്.



