
തിരുവനന്തപുരം: തലചായ്ക്കാൻ ഒരു വീട് നിർമിക്കാൻ സര്‍ക്കാര്‍ പദ്ധതി പ്രകാരം പണം ലഭിച്ച സന്തോഷത്തിൽ വീട് നിർമ്മാണം തുടങ്ങിയ ഷിജിനും ഭാര്യ ചിഞ്ചുവിനും തിരിച്ചടിയായി പഞ്ചായത്തിൻ്റെ നിർദേശം. മറ്റൊരാൾക്ക് അനുവദിച്ച വീടാണെന്നും നിർമ്മാണം നിറുത്തിവെയ്ക്കാനും ഇതുവരെ കിട്ടിയ പണം ഉടനെ തിരിച്ചടയ്ക്കാനും നിര്‍ധനകുടുംബത്തിനോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. തിരുവനന്തപുരം വെള്ളറട അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടപ്പനമൂട് തെങ്ങിന്‍കോണം ഷൈന്‍ നിവാസില്‍ ഷിജിന്റെ വീട് നിര്‍മാണമാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം പാതി വഴിയിലായത്.
വാടകവീട്ടില്‍ കഴിയുകയായിരുന്ന കുടുംബത്തിന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഒരു വർഷം മുൻപ് വീട് വെയ്ക്കാൻ അനുമതി ലഭിക്കുന്നത്. ഉടൻ തന്നെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. ചുമർ കെട്ടിപ്പൊക്കിയപ്പോഴാണ് പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശമെത്തിയത്. സാങ്കേതിക പിശക് കാരണം തൊഴില്‍ കാര്‍ഡിലെ നമ്പര്‍ മാറിപ്പോയതായും ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നും അധികൃതർ പറഞ്ഞതോടെ വീടിന്റെ തുടര്‍പണികള്‍ക്കായി ഷിജിനും ഭാര്യ ചിഞ്ചു ബാബുവും ഇപ്പോള്‍ സർക്കാർ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്.
അതേസമയം, തൊഴിലുറപ്പ് കാര്‍ഡിലുണ്ടായ പിശക് കാരണമാണ് പദ്ധതി പട്ടികയില്‍നിന്ന് ചിഞ്ചുബാബുവിന്റെ പേര് ഒഴിവാക്കപ്പെട്ടതെന്നും മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീട് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും വി ഇ ഒ പറഞ്ഞു.
ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ആണ് വീട് നിർമ്മാണം പുരോഗമിക്കുന്നത്. ബേസ്മെൻ്റ് നിർമ്മാണം കഴിഞ്ഞ് ആദ്യഗഡുവായ 48000 രൂപയ്ക്കായി ചിഞ്ചുബാബു ബ്ലോക്ക് ഓഫീസില്‍ പലതവണ ചെന്നെങ്കിലും തുക കിട്ടിയിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായ ആദ്യഗഡു, രണ്ടാംഘട്ടത്തിലെ തുകയോടൊപ്പം കിട്ടുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ചിഞ്ചുബാബു പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കൂടി വിഹിതമായ രണ്ടാം ഗഡു തുകയായ 1,12,000 രൂപ ലഭിച്ചത് ഉപയോഗിച്ചാണ് വീട് നിർമാണം പുരോഗമിച്ചത്. ഇത് തീർന്നപ്പോൾ കടം വാങ്ങിയും പലിശയ്‌ക്കെടുത്തും ഇവർ നിർമ്മാണം മുന്നോട്ട് കൊണ്ട് പോയി. എന്നൽ കോണ്‍ക്രീറ്റിങ്ങിനായി മൂന്നാം ഗഡു തുക ചോദിക്കാനെത്തിയപ്പോഴാണ് വീട് അനുവദിച്ചത് ചിഞ്ചുബാബുവിനല്ലെന്നും നിര്‍മാണം നിര്‍ത്തിവെക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത് എന്ന് ഷിജിൻ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam