
തൃശ്ശൂർ: ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ എരുമത്തടം ഫ്രണ്ട്‌സ് ലൈനിൽ തൃക്കോവിൽ വീട്ടിൽ രവീന്ദ്രൻ (70), ഭാര്യ ജയശ്രീ (62) എന്നിവർക്കാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
വീട്ടിലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് ചോർച്ചയുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് തീ പടർന്ന വീട്ടിൽ നിന്ന് ദമ്പതികളെ പുറത്തെത്തിച്ചത്. തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും സോഫയും ഉൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. എല്ലാ മുറികളിലേക്കും തീ പടർന്ന് ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റ രവീന്ദ്രനെയും ജയശ്രീയെയും ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജയശ്രീയുടെ നില അതീവ ഗുരുതരമാണ്. 90 ശതമാനം പൊള്ളലേറ്റതായാണ് മെഡിക്കൽ റിപ്പോർട്ട്. രവീന്ദ്രനെ തുടർചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി. അപകടം നടന്നയുടൻ ഇരിങ്ങാലക്കുടയിൽ നിന്ന് ഫയർഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam