
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ചെല്ലാനം ജോണ്‍സണ്‍ ഔസേപ്പിന് ജാമ്യമില്ല. പ്രതിയെ ജയിലിൽ തുടർന്ന് വിചാരണ ചെയ്യാന്‍ ഉത്തരവിട്ട കോടതി പ്രതി ജോണ്‍സന്‍റെ റിമാന്‍റ് 30 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര (മാളു–30) ആണ് കൊല്ലപ്പെട്ടത്.
ജനുവരി 21നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൃത്യത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രതി കൊലപ്പെടുത്തുമെന്നു ഭയക്കുന്നതായി പൂജാരിയായ ഭര്‍ത്താവിനോട് ആതിര പറഞ്ഞതായുള്ള മൊഴി പൊലീസ് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്. പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിന് ആപത്തെന്ന് കോടതി വിലയിരുത്തി. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
അതിരയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി ആതിരയില്‍ നിന്ന് ജോണ്‍സണ്‍ ആദ്യം ഒരു ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. കൃത്യത്തിന് മൂന്നുദിവസം മുമ്പും 2500 രൂപ ജോണ്‍സണ്‍ വാങ്ങി. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ആതിര തനിക്കൊപ്പം വരണമെന്ന് ആതിരയോട് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയുള്ളതിനാല്‍ കൂടെ വരാന്‍ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം.
ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്. ഭർത്താവ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയ്ക്ക് പിന്നാലെ ആതിരയുടെ സ്കൂട്ടറുമായായിരുന്നു പ്രതി രക്ഷപ്പെട്ടത്. സ്കൂട്ടർ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ തുറന്നു പരിശോധിച്ചിരുന്നു. പ്രതി പെരുമാതുറയിൽ താമസിച്ചിരുന്ന വാടകവീടും പൊലീസ് കണ്ടെത്തിയിരുന്നു. ആതിരയെ കൊലപ്പെടുത്താൻ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam