കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതുതായി 1566 പേര്‍ കൂടി നിരീക്ഷണത്തില്‍

By Web TeamFirst Published Jun 10, 2020, 10:52 PM IST
Highlights

ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 155 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1566 പേര്‍ ഉള്‍പ്പെടെ 9844 ആളുകള്‍ കൊവിഡ് നിരീക്ഷണത്തില്‍ ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി അറിയിച്ചു. ഇതുവരെ 35341 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 155 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 90 പേര്‍ മെഡിക്കല്‍ കോളേജിലും 65 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 36 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

ജില്ലയില്‍ ഇന്ന് വന്ന 302 പേര്‍ ഉള്‍പ്പെടെ ആകെ 4098 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 534 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലും 1973 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 103 പേര്‍ ഗര്‍ഭിണികളാണ്.  

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 356 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2812 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 14102 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

click me!