കൊവിഡ് 19: കോഴിക്കോട് ആകെ 21,239 പേര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Mar 31, 2020, 9:18 PM IST
Highlights

ഇന്ന് പുതുതായി വന്ന അഞ്ച് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സിലുള്ള 17 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്...

കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇന്ന് (31/03/2020) ആകെ 21,239 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. കേരള സര്‍ക്കാരിന്റെ കോവിഡ് 19 ട്രാക്കര്‍ വെബ്‌പോര്‍ട്ടല്‍ വഴി കീഴ്സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തില്‍ ചേര്‍ക്കപ്പെട്ടവര്‍ ഉള്‍പ്പെടെയാണിത്. 

മറ്റുസംസ്ഥാനങ്ങളില്‍ പോയിതിരിച്ചുവന്നവരും ഇതിലുള്‍പ്പെടും. ഇന്ന് പുതുതായി വന്ന അഞ്ച് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സിലുള്ള 17 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 10 പേരെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല.

ഇന്ന് 11 സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ആകെ 257 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 245 എണ്ണത്തിന്റെ ഫലം ലഭിച്ചു.  236 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ ആകെ സ്ഥിരീകരിച്ച ഒമ്പത് പോസിറ്റീവ് കേസുകളില്‍ ആറ് പേരാണ് കോഴിക്കോട് സ്വദേശികള്‍. ഇനി 12 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈനിലൂടെ 34 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 86 പേര്‍ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം തേടി. ഇതുസംബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മൈക്ക് പ്രചരണം നടത്തി.

click me!